കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പോലീസുകാരനെതിരെ നടപടി.
സിവില്‍ പോലീസ് ഓഫീസറെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
താമരശേരിയില്‍ പ്രവർത്തിക്കുന്ന സ്പായിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി 1,500 രൂപ വാങ്ങിയതായാണ് ഉദ്യോഗസ്ഥനെതിരായ ആരോപണം. പണം തന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മുഹമ്മദ് ഫാസിലിനെ സർവീസില്‍ നിന്നും നീക്കിയത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ഫാസിലിനെതിരെ കൂടുതല്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

