താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പകല്‍സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മധ്യവേനല്‍ അവധി ആയതിനാലും 27ന് പെരുന്നാള്‍ തലേന്ന് കൂടി ആയതിനാലും ഇന്നലെ രാവിലെ മുതല്‍ ചുരത്തില്‍ വാഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായി.
കഴിഞ്ഞമാസം 6-ാം വളവിലെ കൊക്കയിലേക്ക് തലകീഴായി മറിഞ്ഞുകിടന്ന കൂറ്റൻയന്ത്രം, ഇരുമ്പ് വടം റോഡിന് കുറുകെ വലിച്ചുകെട്ടി ഉയർത്തിയതാണ് ഇന്നലെ ഗതാഗത കുരുക്ക് വർധിക്കാൻ ഇടയാക്കിയത്. വളവ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിക്കിടെ ഏപ്രില്‍ 27നാണ് യന്ത്രം കൊക്കയിലേക്ക് മറിഞ്ഞത്. ഇത് ഇന്നലെയാണ് ഉയർത്തിയത്. ഇത്രയും തിരക്കിനിടെ ഒരു മുന്നൊരുക്കവും ഇല്ലാതെയും യാത്രക്കാരെ അറിയിക്കാതെയും വടം റോഡിനു കുറുകെ വലിച്ചുകെട്ടി യന്ത്രം ഉയർത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. രാവിലെ 7 ന് വളപട്ടണത്ത് നിന്ന് എത്തിയ സംഘം വടംകെട്ടി പ്രവൃത്തി ആരംഭിച്ചതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ചുരത്തില്‍ വൻ ഗതാഗതക്കുരുക്കാനുണ്ടായത്. അടിവാരം മുതല്‍ ലക്കിടി വരെ നീണ്ട കുരുക്കില്‍പെട്ട് യാത്രക്കാർ നട്ടംതിരിഞ്ഞു.
ചുരത്തില്‍ 6,7,8 വളവുകളുടെ നവീകരണ പ്രവൃത്തി കാരണം നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാര വാഹനങ്ങളും തലങ്ങും വിലങ്ങും വന്നതും കുരുക്ക് വർധിപ്പിച്ചു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതും തിരിച്ചടിയായി. ഉച്ചയ്ക്ക് ഒന്നോടെ യന്ത്രം ഉയർത്തിയ ശേഷം ഇരുമ്പുവടം അഴിക്കുമ്പോള്‍ 2 മണി കഴിഞ്ഞു. വൈകിട്ട് നാലോടെയാണ് റോഡിനിരുവശത്തും രൂപം കൊണ്ട ഗതാഗതക്കുരുക്ക് മാറിയത്.
അതേസമയം, രാത്രിയിലും ചുരത്തില്‍ വാഹങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രത്തില്‍ നടക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എത്തിയ സി.കെ.കാസിം എംഎല്‍എയും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ചൊവ്വാഴ്ച പകലും സമാനമായി ചുരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ചുരത്തില്‍ 8-ാം വളവിന് സമീപം നിയന്ത്രണം വിട്ട ലോറി ബൈക്കും കാറും ഇടിച്ച് തെറിപ്പിച്ച് ഓടയിലേക്ക് മറിഞ്ഞതിനെത്തുടർന്നായിരുന്നു അന്ന് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായത്.
അതേസമയം, ചുരം നവീകരണം കൃത്യസമയത്ത് പൂർത്തിയാക്കണം എന്ന് എംഎല്‍എ സി.കെ.കാസിം ദേശീയപാതാ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു. നവീകരണ പ്രവർത്തികള്‍ വിലയിരുത്താൻ എത്തിയ സമയത്താണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. പണികള്‍ പൂർത്തിയാകും വരെ ഭാരവാഹനങ്ങള്‍ക്കുള്ള വിലക്ക് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചുരത്തിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കോഴിക്കോട്, വയനാട് കലക്ടർമാരുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം വിളിക്കും എന്ന് എംഎല്‍എ അറിയിച്ചു. വ്യൂ പോയിന്റിനു സമീപം മലയിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് സംരക്ഷണ നെറ്റ് സ്ഥാപിക്കുന്ന നടപടിയും ഇത്രയും വേഗം പൂർത്തീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

