Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തിരുത്തല്‍' ചര്‍ച്ചയില്‍ സിപിഎം; നേതൃത്വത്തിലെ ഭിന്നതകള്‍ ശക്തം

'തിരുത്തല്‍' ചര്‍ച്ചയില്‍ സിപിഎം; നേതൃത്വത്തിലെ ഭിന്നതകള്‍ ശക്തം

Media Mangalam 4 months ago

തിരുവനന്തപുരം: തോല്‍വിക്ക് പിന്നാലെ "തിരുത്തും" എന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോയ സിപിഎമ്മില്‍ ഇപ്പോള്‍ ചർച്ചയാകുന്നത് നേതൃത്വത്തിലെ പരസ്യ അഭിപ്രായവ്യത്യാസങ്ങളാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍, സ്ഥാനാർഥി നിർണയം, പാർട്ടി വിട്ടവരോടുള്ള സമീപനം തുടങ്ങി വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ പാർട്ടിക്കുള്ളിലെ അസ്വസ്ഥത കൂടുതല്‍ പ്രകടമായിരിക്കുകയാണ്.

ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ചില നിലപാടുകള്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി. ഗോവിന്ദനും തുറന്നുപറഞ്ഞ് തള്ളിയതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശങ്ങളെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി തള്ളിക്കളഞ്ഞു.

പരാജയത്തെ വിലയിരുത്തി എ. വിജയരാഘവനും പുത്തലത്ത് ദിനേശനും എഴുതിയ കുറിപ്പുകള്‍ക്കും വ്യത്യസ്ത രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഉയർന്നത്. വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേപത്തെ അനുകൂലിച്ച പാർട്ടി മുഖപത്രത്തിലെ ലേഖനത്തെ പിണറായി വിജയനും തോമസ് ഐസക്കും എതിർത്തതും ശ്രദ്ധേയമായി. നിയമസഭയിലെ പ്രതിപക്ഷ ഇടപെടലുകളെക്കുറിച്ചുള്ള കെ.എൻ. ബാലഗോപാലിന്റെ പരാമർശവും പാർട്ടിക്കുള്ളില്‍ ചർച്ചകള്‍ക്ക് വഴിവെച്ചു.

തളിപ്പറമ്പില്‍ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയുടെ പേര് ഉയർന്നപ്പോള്‍ എം.വി. ഗോവിന്ദൻ ഇടപെട്ട് അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ വ്യക്തികളെ കുറ്റപ്പെടുത്തുന്ന സമീപനം സിപിഎമ്മിന് ഇല്ലെന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനും മറുപടി നല്‍കി.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തില്‍ പിഴവുണ്ടായെന്ന് എം.വി. ജയരാജൻ തുറന്നുപറഞ്ഞതും, പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും തിരുത്തിയാല്‍ തിരിച്ചുവരാമെന്ന അഭിപ്രായവും പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. വർഗവഞ്ചകർക്ക് പാർട്ടിയില്‍ സ്ഥാനമില്ലെന്ന നിലപാടിലൂടെ എം.വി. ഗോവിന്ദൻ അതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പഴയതുപോലെ ഏകസ്വരമല്ല ചർച്ചകളെന്ന് പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംഘടനയിലും പാർലമെന്ററി പ്രവർത്തനങ്ങളിലും മാറ്റം അനിവാര്യമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അസാധാരണമായ തീരുമാനങ്ങള്‍ ആവശ്യമായ സാഹചര്യമാണെന്ന വിലയിരുത്തലും നേതൃത്വത്തിനുള്ളില്‍ ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാർട്ടിയിലെ ഭിന്നതകളും മുന്നോട്ടുള്ള രാഷ്ട്രീയ നിലപാടുകളും പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam