മാലിദ്വീപ് യാത്രയ്ക്കിടെ ഇൻഡിഗോ എയർലൈൻസില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണ.
പിറന്നാള്‍ ആഘോഷത്തിനായി ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പം മാലിദ്വീപില്‍ എത്തിയ ദിയയുടെയും കുടുംബത്തിന്റെയും ലഗേജ് വിമാന അധികൃതർ അറിയിപ്പില്ലാതെ മാറ്റിവെക്കുകയായിരുന്നു. ദിയയുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു മാലിദ്വീപ് സന്ദർശനം. എന്നാല്‍ മാലിദ്വീപില്‍ എത്തിയപ്പോളാണ് തങ്ങളുടെ ലഗേജ് എടുത്തുമാറ്റിയ വിവരം അറിയുന്നതെന്ന് ദിയ പറയുന്നു. 'ഇൻഡിഗോ തേച്ചു' എന്നാണ് ദിയ വ്ലോഗിന് തലക്കെട്ട് നല്‍കിയിരിക്കുന്നതു തന്നെ.
"ഞങ്ങള്‍ മൂന്നു പേരുടെയും വസ്ത്രങ്ങളെല്ലാം വെച്ച പെട്ടിയാണ് ഞങ്ങളെ ഒന്നറിയിക്കുക പോലും ചെയ്യാതെ എടുത്തുമാറ്റിയത്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയാണ്. ഭാഗ്യത്തിന് ഓമിയുടെ ഡയപ്പറുകളും കുറച്ച് ഡ്രസും ക്യാബിൻ ബാഗില്‍ ഉണ്ടായിരുന്നു. എന്റെ അടിവസ്ത്രങ്ങള്‍ വരെ മാറ്റിവെച്ച ലഗേജിലാണ് ഉള്ളത്. ആരോടായാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് വലിയ ദ്രോഹമാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെയുള്ളവരോട്. ഇവിടെ നിന്നും ഷോര്‍ട്‌സും ടീഷര്‍ട്ടുമൊക്കെ വാങ്ങിയൊന്ന് കുളിച്ച് കഴിഞ്ഞപ്പോളാണ് സത്യം പറഞ്ഞാല്‍ ഒന്ന് റിലാക്‌സായത്. പെട്ടിയുണ്ടായിരുന്നെങ്കില്‍ നല്ലൊരു സാരിയൊക്കെയുടുത്ത് ഫോട്ടോ എടുക്കാനൊക്കെ ആഗ്രഹിച്ചിരുന്നു.
ലഗേജ് ഒരു ദിവസം കഴിഞ്ഞ് എത്തുമെന്നും അതുവരെ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങിയാല്‍ അത് റീഫണ്ട് ചെയ്തു തരുമെന്നുമാണ് ഇൻഡിഗോ പറയുന്നത്. ഇതൊക്കെ നടക്കുമോ എന്നറിയില്ല. എന്തായാലും സാധനങ്ങള്‍ വാങ്ങി ബില്ല് അവർക്കു കൊടുക്കണം. ഇത് കുറച്ച് നെഗറ്റീവായിപ്പോയ വ്‌ളോഗാണ്. എനിക്ക് അങ്ങനെ ചെയ്യാനേ താല്‍പര്യമില്ലായിരുന്നു. പക്ഷേ, ഇതിങ്ങനെ ചെയ്യാന്‍ ഫ്‌ളൈറ്റുകാര്‍ എന്നെ നിര്‍ബന്ധിച്ചത് പോലെയായി", എന്ന് ദിയ കൃഷ്ണ പറഞ്ഞു. നിരവധിയാളുകളാണ് ദിയയുടെ വീഡിയോയ്ക്കു താഴെ, ഇൻഡിഗോയില്‍ നിന്നുള്ള സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തുന്നത്.

