Dailyhunt
ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി; പഠനം പൂര്‍ത്തിയായിട്ടും ജോലി കണ്ടെത്താനായില്ല; മനംനൊന്ത് ആന്ധ്രാ സ്വദേശിയായ യുവാവ് ജീവനൊടുക്കി

ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി; പഠനം പൂര്‍ത്തിയായിട്ടും ജോലി കണ്ടെത്താനായില്ല; മനംനൊന്ത് ആന്ധ്രാ സ്വദേശിയായ യുവാവ് ജീവനൊടുക്കി

Media Mangalam 2 weeks ago

കുർണൂല്‍: ഉന്നത പഠനത്തിനായി അമേരിക്കയിലെ ചിക്കാഗോയിലെത്തി പഠനം കഴിഞ്ഞിട്ടും ജോലി കണ്ടെത്താനായില്ല. മനംനൊന്ത് ആന്ധ്രാ സ്വദേശിയായ യുവാവ് ജീവനൊടുക്കി.

ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലക്കാരനായ 26 കാരൻ ഇരഗനബോയിന ചന്ദു ആണ് മരിച്ചത്. ചിക്കാഗോയിലെ ഡിപോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അടുത്തിടെയാണ് ചന്ദു മാസ്റ്റർ ബിരുദം നേടിയത്.

പഠനം പൂർത്തിയാക്കി ആഴ്ചകളോളം ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയാവാത്തത് ചന്ദുവിനെ വലിയ മാനസിക സമ്മർദത്തിലാക്കിയിരുന്നു. സാമ്പത്തികമായി കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നതിലും, സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ കഷ്ടപ്പാടുകളിലും ചന്ദു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്താല്‍ ചന്ദു തന്റെ വസതിയില്‍ ജീവനൊടുക്കുകയായിരുന്നു.

ചന്ദുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായുള്ള ഏകദേശം 25,000 ഡോളർ കണ്ടെത്താൻ കുടുംബത്തിന് സാധിക്കില്ല എന്നതിനാലാണ് സുഹൃത്തുക്കള്‍ സഹായം തേടിയത്. ഇതിനോടകം 76,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് കഴിച്ച്‌ ബാക്കി വരുന്ന തുക ചന്ദുവിന്റെ പഠനത്തിനായി കുടുംബമെടുത്ത കടം വീട്ടാനായി കൈമാറും.

വിഷയത്തില്‍ ഇടപെട്ട ആന്ധ്രാപ്രദേശ് മന്ത്രി നര ലോകേഷ്, മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാൻ കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സഹായം തേടി. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam