ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ പിന്ദാരി ഹിമാനിയുടെ പാതയിലൂടെ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉത്തർപ്രദേശില്‍ നിന്നുള്ള വിനോദസഞ്ചാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
പോലീസ്, വനം വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ 35 വയസ്സുള്ള അഭിഷേക് ചൗഹാൻ ആണ് കാണാതായ വിനോദസഞ്ചാരിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉദ്യോഗസ്ഥർ നല്‍കുന്ന വിവരമനുസരിച്ച്, മെയ് 28-ന് ആനന്ദ് റാം എന്ന പ്രാദേശിക ഗൈഡിനൊപ്പമാണ് ചൗഹാൻ ഖാതിയില്‍ നിന്ന് ദ്വാലിയിലേക്ക് ട്രെക്കിങ് ആരംഭിച്ചത്. മെയ് 29-ന് മടക്കയാത്രയില്‍ ഇരുവരും മലിയാധൗഡ് പ്രദേശത്ത് എത്തിയപ്പോള്‍, ചൗഹാൻ വിശ്രമിക്കാനായി അവിടെ നില്‍ക്കുകയും ഗൈഡിനോട് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഏറെ സമയം കഴിഞ്ഞിട്ടും ചൗഹാനെ കാണാതിരുന്നതിനെ തുടർന്ന് ആശങ്കാകുലനായ ഗൈഡ്, ഇയാളെ അന്വേഷിച്ച് പുറകിലേക്ക് നടന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയിട്ടും ചൗഹാനെ കണ്ടെത്താനായില്ല. തുടർന്ന് ഖാതി ഗ്രാമത്തില്‍ തിരിച്ചെത്തിയ ഗൈഡ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് റേഞ്ചറെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ്, എസ്.ഡി.ആർ.എഫ്, വനംവകുപ്പ് എന്നിവരടങ്ങിയ സംഘം രംഗത്തിറങ്ങുകയും സംയുക്ത തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ട്രെക്കിങ് പാത, അതിനടുത്തുള്ള വനമേഖലകള്‍, ചൗഹാൻ പോകാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അധികൃതർ പരിശോധന നടത്തിവരികയാണ്. ദുർഘടമായ ഭൂപ്രകൃതിയും ഉയർന്ന പ്രദേശങ്ങളിലെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ കൂടുതല്‍ സങ്കീർണമാക്കുന്നുണ്ട്.
ചൗഹാനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണെന്നും ടീമുകള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതാപ് സിംഗ് നാഗർകോട്ടി പറഞ്ഞു. കാണാതായ വിനോദസഞ്ചാരിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

