Sunday, 24 Jan, 4.57 pm Media Mangalam

ഹോം
'വനിതാ കമ്മിഷന്‍ കോടതിയോ പൊലീസ് സ്റ്റേഷനോ അല്ല', തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധം: എംസി ജോസഫൈന്‍

തിരുവനന്തപുരം:തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തന്നെ അധിക്ഷേപിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതെന്നും ജോസഫൈന്‍ പറഞ്ഞു. വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച്‌ കാട്ടിയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജോസഫൈന്റെ പ്രതികരണം

Read More:കാറും ഉയര്‍ന്ന ശമ്ബളവും നല്‍കി ഇവരെ നിയമിച്ചത് എന്തിന്? എം.സി ജോസഫൈനെതിരെ ടി. പത്മനാഭന്‍

സംഭവത്തില്‍ വിശദീകരണവുമായി വനിത കമ്മീഷന്‍ പ്രസ്താവന പുറത്തിറക്കി. വനിതാ കമ്മിഷന്‍ കോടതിയോ പൊലീസ് സ്റ്റേഷനോ അല്ലെന്നും ലഭ്യമായ പരാതിയില്‍ കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ലെന്നും കമ്മീഷന്‍ പറഞ്ഞു. പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് അദാലത്തിലൂടെ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും പറയാനുള്ളത് കേട്ട് യുക്തമായ നിലപാട് സ്വീകരിക്കുകയാണ് കമ്മിഷന്‍ ചെയ്യുന്നതെന്നും കമ്മീഷന്‍ പറഞ്ഞു.

വനിതാ കമ്മീഷന്റെ വിശദീകരണം

വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി പി6/1080/പിറ്റിഎ/കെഡബ്ല്യൂസി/2020 നമ്ബര്‍ ആയി 2020 മാര്‍ച്ച്‌ പത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഈ പരാതി ഈ മാസം 28-ന് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച്‌ അദാലത്തില്‍ പരിഗണിക്കുന്നതിന് നേരത്തേതന്നെ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ പരാതിക്കാരിയുടെ മകന്‍ നാരായണപിള്ള നല്‍കിയ പരാതി പി6/588/പിറ്റിഎ/കെഡബ്ല്യൂസി/2020 ആയി 2020 ഫെബ്രുവരി ആറിന് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020 ഡിസംബര്‍ 18-ന് അദാലത്തില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകന്‍ നാരായണപിള്ളയോ ഹാജരായില്ല. ഹാജരാകാന്‍ സാധിക്കുകയില്ലെന്ന വിവരം കമ്മിഷനെ രേഖാമൂലമോ ഫോണ്‍ മുഖേനയോ അറിയിക്കുകയും ചെയ്തിട്ടില്ല.

വനിതാ കമ്മിഷനില്‍ സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ മാത്രമേ സ്വീകരിക്കൂ എന്നിരിക്കിലും വിഷയത്തിന്റെ ഗൗരവം, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകന്‍ നല്‍കിയ പരാതി പ്രത്യേകം പരിഗണിച്ച്‌ പെറ്റീഷന്‍ രജിസ്റ്റര്‍ ചെയ്തത്. കൊറോണമൂലം അദാലത്തുകള്‍ വൈകാനുള്ള സാഹചര്യവുമുണ്ടായി.

മാത്രവുമല്ല, ഇയാളുടെ പരാതി ക്രൈം 0022/2020/ഐപിസി 1860 വകുപ്പ് 447, 294(ബി), 323 എന്ന നമ്ബറില്‍ പത്തനംതിട്ട പെരുമ്ബെട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. പ്രതി ഇപ്പോള്‍ ജാമ്യത്തിലുമാണ് എന്നാണ് അറിയുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അത് മറികടന്ന് തീരുമാനമെടുക്കാന്‍ കമ്മിഷന് അധികാരവുമില്ല. എന്നിരിക്കിലും പരാതി കമ്മിഷന്‍ പരിശോധിച്ചുവരികയായിരുന്നു.

ഈ വിഷയത്തില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ വനിതാ കമ്മിഷന്‍ അധ്യക്ഷയെ വിളിച്ച്‌, കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യം തന്നെ ഇല്ലാത്തതാണ്. നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്ബോള്‍ എല്ലാ പരാതികളും ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ ചെയര്‍പേഴ്‌സണ്‍ ചോദിച്ചത്.

ആ ചോദ്യത്തിന്റെ ഉദ്ദ്യേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും വനിതാ കമ്മിഷന്റെതന്നെ മേല്‍നോട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നുമാണ്.

വനിതാ കമ്മിഷന്‍ കോടതിയോ പൊലീസ് സ്റ്റേഷനോ അല്ല. പരാതി ലഭ്യമായ മാത്രയില്‍ കേസ് ചാര്‍ജ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ല. കേരള വനിതാ കമ്മിഷന്‍ ആക്റ്റ് 1990 പ്രകാരം സംസ്ഥാപിതമായിട്ടുള്ള ഒരു അര്‍ധജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമാണ്.

പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് അദാലത്തിലൂടെ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും പറയാനുള്ളതുകേട്ട് യുക്തമായ നിലപാട് സ്വീകരിക്കുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. പൊലീസ് റിപ്പോര്‍ട്ട് തേടേണ്ടവയില്‍ അപ്രകാരം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പുറമേ കൗണ്‍സലിങ്, അഭയം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ അടിയന്തര സഹായങ്ങളും ചെയ്യും. ഇത്തരത്തില്‍ ഏകദേശം 15,000 പരാതികള്‍ക്കാണ് കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടയില്‍ വനിതാ കമ്മിഷന്‍ തീര്‍പ്പാക്കിയിട്ടുള്ളത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Media Mangalam
Top