പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭൂത് ബംഗ്ലാ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലെത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വസ്ത്രധാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം.
കീറിപ്പറിഞ്ഞ രീതിയിലുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഔട്ട്ഫിറ്റ് കണ്ട ആരാധകർ പരിഹാസവുമായാണ് രംഗത്തെത്തിയത്.
'ഭൂത് ബംഗ്ലാ' ട്രെയിലർ ലോഞ്ചില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ വസ്ത്രവും. ട്രെയിലർ ലോഞ്ചിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ സൂപ്പർതാരത്തിനുനേരെ അതിരൂക്ഷമായ പരിഹാസമാണുയർന്നത്. മലയാളികളുള്‍പ്പെടെ നിരവധി പേർ പ്രതികരണവുമായെത്തി. പാവം, ഈ ഗതി വന്നല്ലോ, എലിയാണോ ഔട്ട്ഫിറ്റ് ഡിസൈനർ, എല്ലായിടത്തുമുണ്ടല്ലേ തെരുവ് നായ ശല്യം, വരുന്ന വഴിക്ക് പട്ടി കടിച്ചോ എന്നെല്ലാമാണ് വന്നിരിക്കുന്ന പ്രതികരണങ്ങള്‍.
14 വർഷങ്ങള്‍ക്കുശേഷം അക്ഷയ് കുമാർ-പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. ഹൊറർ കോമഡി ഗണത്തില്‍പെടുന്ന ചിത്രത്തില്‍ വാമിഖ ഗബ്ബിയാണ് നായിക. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ 'ഖട്ടാ മീഠാ'യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.
2021ല്‍ റിലീസ് ചെയ്ത 'ഹങ്കാമ 2'വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച 'ഭൂല്‍ ഭുലയ്യ' ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷൻ.
പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏപ്രില്‍ 17-ന് തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം, പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ടിന്റെ പഴയകാല വിജയങ്ങള്‍ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

