കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംഎല്‍എയുമായിരുന്ന മനോജ് തിവാരി.
പശ്ചിമ ബംഗാളിലെ വൻ പരാജയത്തിന് പിന്നാലെയാണ് ആരോപണം. ഹൗറയിലെ ശിബ്പുർ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന മനോജ് തിവാരിയോട് വീണ്ടും മത്സരിക്കുന്നതിന് അഞ്ച് കോടി രൂപ തൃണമൂല്‍ ആവശ്യപ്പെട്ടതായും ഇത് നല്‍കാൻ വിസമ്മതിച്ചതോടെ ടിക്കറ്റ് നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു. മമതാ ബാനർജി സർക്കാർ കായിക സഹമന്ത്രി കൂടിയായിരുന്നു മനോജ് തിവാരി. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ ചാപ്റ്റർ അവസാനിച്ചതായും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'നോക്കൂ, ഈ നാടകീയമായ പരാജയത്തില്‍ എനിക്ക് ഒട്ടും അതിശയമില്ല. ഒരു പാർട്ടി മുഴുവനായും അഴിമതിയില്‍ മുഴുകുകയും ഒരു മേഖലയിലും വികസനം നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കും' മനോജ് തിവാരി പറഞ്ഞു.
'കൂടുതല്‍ പണം നല്‍കുന്നവർക്ക് മാത്രമേ മത്സരിക്കാൻ സീറ്റ് നല്‍കിയിരുന്നുള്ളൂ. ഏകദേശം 70-72 സ്ഥാനാർത്ഥികള്‍ ടിക്കറ്റ് കിട്ടാൻ അഞ്ച് കോടി രൂപയോളം നല്‍കി. എന്നോടും ചോദിച്ചിരുന്നു, പക്ഷേ ഞാൻ പണം നല്‍കാൻ വിസമ്മതിച്ചു. പണം നല്‍കിയവരില്‍ എത്രപേർ വിജയിച്ചുവെന്ന് പരിശോധിക്കുക' അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ആ അധ്യായം അടഞ്ഞുവെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു.
2019-ല്‍ തൃണമൂല്‍ ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിബ്പുരില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്.
'അന്ന് ഞാൻ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി കളിക്കുകയും രഞ്ജി ട്രോഫിയില്‍ സജീവവുമായിരുന്നു. അപ്പോഴാണ് ദീദി (മമത) എന്നോട് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ വിനയത്തോടെ നിരസിച്ചു, പക്ഷേ 2021 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, ദീദി വീണ്ടും വിളിച്ച് എന്നോട് പറഞ്ഞു, 'മനോജ്, നിനക്കൊരു സന്ദേശമുണ്ട്, അത് അരൂപ് നിനക്ക് പറഞ്ഞുതരും'. എന്നോട് ശിബ്പുരില്‍ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടു, എനിക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ കരുതി.വികസന പ്രവർത്തനങ്ങള്‍ക്കായി സ്വന്തം പണമെടുത്തു' മനോജ് തിവാരി പറഞ്ഞു.

