ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ദുർഘടമായ പാതകളിലൂടെയുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ പാമ്പുകളെയും മുതലകളെയും നിയോഗിക്കാൻ ബിഎസ്‌എഫ് ആലോചിക്കുന്നു.
അതിർത്തിയിലെ നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും വേലികള്‍ നിർമ്മിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു വേറിട്ട പരീക്ഷണം അധികൃതരുടെ ചർച്ചകളില്‍ ഇടംപിടിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സാധാരണ നിലയില്‍ അതിർത്തി വേലികള്‍ നിർമ്മിക്കാൻ സാധിക്കാത്ത ദുർഘടമായ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുകളുമാണ്. ഭൗതികമായ തടസങ്ങള്‍ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക എന്നത് ഇവിടെ പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരമൊരു മാർഗ്ഗത്തെക്കുറിച്ച് ബിഎസ്‌എഫ് ആലോചിക്കുന്നത്.
ഇത്തരം പദ്ധതികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇത് ചർച്ചകളുടെ ആദ്യഘട്ടത്തിലാണെന്നും ഭാവിയില്‍ നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
അതേസമയം, അത്യാധുനിക സാങ്കേതിക വിദ്യകളായ ഡ്രോണുകള്‍, സെൻസറുകള്‍, ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് അതിർത്തിയിലെ നിരീക്ഷണം ബിഎസ്‌എഫ് ശക്തമാക്കുന്നുണ്ട്. കിഴക്കൻ അതിർത്തിയിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമാണിത്.
ഈ വർഷം ജനുവരിയില്‍ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിഎസ്‌എഫ് നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്ക്കറ്റുകളുമായി ഒരു കള്ളക്കടത്തുകാരനെ പിടികൂടിയിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്.

