ജിദ്ദ: റിയാദിലെ അമേരിക്കൻ എംബസിയും സിഐഎ കേന്ദ്രവും ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വെറും ഒരു മിനിറ്റ് വ്യത്യാസത്തില്‍ എത്തിയ രണ്ട് ഡ്രോണുകളാണ് ഇറാൻ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. മാർച്ച് മൂന്നിന് പുലർച്ചെ 1.30ഓടെയായിരുന്നു ആദ്യ സ്ഫോടനം. ആദ്യ ഡ്രോണ്‍ ഉണ്ടാക്കിയ വിടവിലൂടെ കയറി രണ്ടാമത്തെ ഡ്രോണ്‍ പൊട്ടിത്തെറിച്ചതോടെ കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടമുണ്ടായി. ഈ ആക്രമണത്തില്‍ എംബസിയും സിഐഎ സ്റ്റേഷനും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ മൂന്ന് നിലകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.
ആക്രമണത്തില്‍ വലിയ തോതിലുളള നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്നാണ് സൗദി വ്യക്തമാക്കിയത്. തീപിടിത്തം മാത്രമാണുണ്ടായതെന്നായിരുന്നു സൗദി വക്താക്കളുടെ പ്രതികരണം. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് പ്രകാരം അര ദിവസത്തോളം തീ കത്തിയെരിഞ്ഞെന്നും എംബസിയുടെ പല ഭാഗങ്ങളും പുനർനിർമിക്കാനാവാത്ത വിധം തകർന്നെന്നും പറയുന്നു.
ഏറ്റവും കൂടുതല്‍ യുഎസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന കേന്ദ്രത്തിലേക്ക് വളരെ സുഗമമായി ആക്രമണം നടത്താൻ ഇറാന് കഴിയുമെന്ന് ഇതോടെ ബോധ്യപ്പെട്ടുവെന്നായിരുന്നു വിലയിരുത്തല്‍. റിയാദിലെ യുഎസ് എംബസിയ്ക്കായി വ്യോമ പ്രതിരോധ സംവിധാനങ്ങളൊന്നും പ്രവർത്തിപ്പിക്കുന്നില്ല. മറിച്ച് സൗദിയാണ് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്.
എംബസിയുള്‍പ്പെടെ സുരക്ഷിതമാക്കും വിധത്തില്‍ ഒരു സെക്യൂരിറ്റി സിസ്റ്റം ഇതിനടുത്തായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണം നടന്ന അതേ ദിവസം തന്നെ അമേരിക്കയുടെ മുതിർന്ന നയതന്ത്രജ്ഞനെ വധിക്കാൻ കൂടി ഇറാൻ ലക്ഷ്യമിട്ടിരുന്നെന്നാണ് വിവരം. എംബസിയോടടുത്താണ് ഇദ്ദേഹത്തിന്റെ വസതി.

