Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ഥിനിയെ ഒറ്റയ്ക്കാക്കി പരിശീലകൻ വിമാനത്തില്‍ നിന്ന് ചാടി മരിച്ചു; വിമാനം സുരക്ഷിതമായി ഇറക്കി യുവതി

വിദ്യാര്‍ഥിനിയെ ഒറ്റയ്ക്കാക്കി പരിശീലകൻ വിമാനത്തില്‍ നിന്ന് ചാടി മരിച്ചു; വിമാനം സുരക്ഷിതമായി ഇറക്കി യുവതി

Media Mangalam 1 week ago

ബ്യൂണസ് അയേഴ്സ്/കോർഡോബ: പരിശീലനപ്പറക്കലിനിടെ പരിശീലകൻ വിമാനത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. അപൂർവ ധൈര്യം കാട്ടി 22-കാരിയായ വിദ്യാർഥിനി പരിശീലന വിമാനം സുരക്ഷിതമായി നിലത്തിറക്കി.

അർജന്റീനയിലാണ് സംഭവം. ജൂലൈ 4-ന് കോർഡോബ പ്രവിശ്യയ്ക്കു സമീപമുള്ള കൊറോനെല്‍ ഒല്‍മെഡോ വിമാനത്താവളത്തില്‍ നിന്നു പറന്നുയർന്ന സെസ്‌ന സി-150 വിമാനത്തില്‍ നിന്നാണ് പരിശീലകൻ ചാടിമരിച്ചത്.

ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ പരിശീലകനായ 42-കാരൻ ലിയാൻഡ്രോ ബെർട്ടാസോയാണ് ദാരുണമായി മരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍, ഹെഡ്‌സെറ്റ് മാറ്റിവെച്ച അദ്ദേഹം മൊബൈല്‍ ഫോണും മറ്റ് വ്യക്തിഗത വസ്തുക്കളും സുരക്ഷിതമായി വച്ചശേഷം സീറ്റ് ബെല്‍റ്റ് അഴിച്ച്‌ കോക്‌പിറ്റിന്റെ വാതില്‍ തുറന്ന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയതായാണ് കണ്ടെത്തിയത്. വായുവിന്റെ ശക്തമായ സമ്മർദം കാരണം ചെറിയ പരിശീലന വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച്‌ തുറക്കുക തന്നെ അതീവ ദുഷ്കരമാണെന്നാണ് വ്യോമയാന വിദഗ്ധരുടെ വിലയിരുത്തല്‍.

ചാടുന്നതിന് തൊട്ടുമുമ്പ് വിദ്യാർഥിനിയോട് "എന്ത് ചെയ്യണമെന്ന് നിനക്കറിയാം… മുന്നോട്ട് പൊയ്ക്കോളൂ" എന്ന് അദ്ദേഹം പറഞ്ഞതായും അന്വേഷണത്തില്‍ വ്യക്തമായി. അപ്രതീക്ഷിത സംഭവത്തില്‍ പരിഭ്രമിച്ചെങ്കിലും യുവതി ഉടൻ അടിയന്തര സന്ദേശം കൈമാറുകയും പരിശീലനത്തിലൂടെ നേടിയ പരിചയം ഉപയോഗിച്ച്‌ വിമാനം സുരക്ഷിതമായി തിരികെ കൊറോനെല്‍ ഒല്‍മെഡോ വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു.

വിദ്യാർഥിനിയുടെ ഇടപെടലിനെ ഫ്ലൈറ്റ് സ്കൂള്‍ ഡയറക്ടർ എഡ്വാർഡോ അല്‍വാരസ് പ്രശംസിച്ചു. "മാനസിക ആഘാതത്തിനിടയിലും അവർ അസാധാരണമായ പ്രഫഷനലിസമാണ് പ്രകടിപ്പിച്ചത്. ലാൻഡിങ് പൂർണമായും കൃത്യമായിരുന്നു," അദ്ദേഹം പറഞ്ഞു. വിദ്യാർഥിനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഏകദേശം 20 മിനിറ്റിനുശേഷം സമീപത്തെ വയലില്‍ നിന്ന് ലിയാൻഡ്രോ ബെർട്ടാസോയുടെ മൃതദേഹം കണ്ടെത്തി.

അതേസമയം, അടുത്തകാലത്തായി ലിയാൻഡ്രോ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി കുടുംബം അന്വേഷണ സംഘത്തോട് അറിയിച്ചു. മരണത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹം മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സയും തേടിയിരുന്നുവെന്നാണ് വിവരം. അവിവാഹിതനായ ലിയാൻഡ്രോ മാതാപിതാക്കള്‍ക്കൊപ്പമാണ് കോർഡോബയില്‍ താമസിച്ചിരുന്നത്.

സംഭവം ഫ്ലൈറ്റ് സ്കൂള്‍ അധികൃതരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. "വിദ്യാർഥികളുടെ പ്രിയപ്പെട്ട പരിശീലകനായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും പുഞ്ചിരിയോടെ പെരുമാറിയിരുന്ന അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു നടപടി ആരും പ്രതീക്ഷിച്ചിരുന്നില്ല," എന്ന് ഡയറക്ടർ അല്‍വാരസ് പറഞ്ഞു. സംഭവദിവസം രാവിലെ മറ്റൊരു വിദ്യാർഥിക്ക് പരിശീലനം നല്‍കിയ ശേഷമാണ് അദ്ദേഹം 22-കാരിക്കൊപ്പമുള്ള പരിശീലനപ്പറക്കലിന് പുറപ്പെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam