Dailyhunt
വികസനത്തിന്റെ പാതയില്‍ കൊച്ചി മെട്രോ; പിങ്ക് ലൈൻ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കി; അങ്കമാലി വരെയുള്ള മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ അവസാന ഘട്ടത്തില്‍

വികസനത്തിന്റെ പാതയില്‍ കൊച്ചി മെട്രോ; പിങ്ക് ലൈൻ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കി; അങ്കമാലി വരെയുള്ള മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ അവസാന ഘട്ടത്തില്‍

Media Mangalam 1 week ago

ണ്ടാം ഘട്ട വികസനം ഊർജ്ജിതമാക്കി കൊച്ചി മെട്രോ. മെട്രോ ശൃംഖലയുടെ വിപുലീകരണം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന, ഇ ഫീഡർ ബസ് സര്‍വീസുകളുടെ വ്യാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വികസനത്തിന്റെ പാതയിലുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഡിസംബറോടെ രണ്ടാം ഘട്ടത്തിന്റെ സിവില്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ഫസ്റ്റ്, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ഫീഡര്‍ ബസുകള്‍ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നു.

രണ്ടാം ഘട്ടത്തിന്റെ പുരോഗതി
ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ (പിങ്ക് ലൈൻ) നിർമ്മാണ പ്രവർത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട പാതയില്‍ ആകെ സ്ഥാപിക്കേണ്ട 2028 പൈലുകളില്‍ 1733 എണ്ണവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞതായി കൊച്ചി മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രാക്കിനായി 1659 പൈലുകള്‍ വേണ്ടതില്‍ 1364 എണ്ണവും, സ്റ്റേഷനുകള്‍ക്കായി ആവശ്യമായ 369 പൈലുകളും പൂര്‍ത്തിയായിട്ടുണ്ട്. ആകെ വേണ്ട 470 പൈല്‍ ക്യാപ്പുകളില്‍ 355 എണ്ണം പൂർത്തിയായി. 470 തൂണുകളില്‍ (Pillars) 280 എണ്ണവും, 144 പിയർ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 172 ഗിർഡറുകള്‍ സ്ഥാപിച്ചതോടെ ഏകദേശം 2-3 കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ സിവില്‍, ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂർത്തിയാക്കി 2027 വേനല്‍ക്കാലത്തോടെ പാത പ്രവർത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, കൊച്ചി എയർപോർട്ട് വഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്ന മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
2025-26 സാമ്പത്തിക വർഷത്തില്‍ മുൻ വർഷത്തേക്കാള്‍ 13.75 ലക്ഷം അധികം യാത്രക്കാർ മെട്രോ ഉപയോഗിച്ചു, ആകെ യാത്രക്കാരുടെ എണ്ണം 3.68 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:

വിശ്വാസ്യതയും കൃത്യനിഷ്ഠയും: റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാമെന്നത് ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നു.

സമയക്രമത്തിലെ മാറ്റം: ഫെബ്രുവരി 15 മുതല്‍ സർവീസുകള്‍ രാത്രി 11 മണി വരെ നീട്ടിയത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ചു.

ഫീഡർ സർവീസുകള്‍: റെയില്‍-വാട്ടർ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇ-ഫീഡർ ബസുകളുടെ പ്രവർത്തനം കഴിഞ്ഞ വർഷം പൂർണതോതില്‍ നടന്നത് മെട്രോ ശൃംഖലയെ കൂടുതല്‍ ജനകീയമാക്കി.

ആനുകൂല്യങ്ങള്‍: ക്യുആർ ടിക്കറ്റുകള്‍ക്കും മറ്റും നല്‍കിയ 10 മുതല്‍ 15 ശതമാനം വരെയുള്ള ഇളവുകള്‍ യാത്രക്കാരെ ആകർഷിച്ചു.

'സെമി നെയിമിംഗ്' ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ നടത്തുന്നതിലൂടെ നല്ല രീതിയിലുള്ള വരുമാനം കെഎംആര്‍എല്ലിന് ലഭിക്കുന്നുണ്ട്.

ഫീഡർ ബസ് വിപുലീകരണം
നിലവില്‍ 15 ഇ-ബസുകളിലായി ആറ് റൂട്ടുകളില്‍ ഓടുന്ന ഫീഡർ ശൃംഖലയിലേക്ക് 15 മുതല്‍ 17 വരെ പുതിയ ഇലക്‌ട്രിക്കല്‍ ബസുകള്‍ കൂടി വാങ്ങാനുള്ള ആലോചനകളിലാണ് കെഎംആർഎല്‍. ഇതിനായുള്ള ടെൻഡർ നടപടികള്‍ ഉടൻ ആരംഭിക്കും. ആലുവ-സിയാല്‍ (CIAL) കോറിഡോർ, മെഡിക്കല്‍ കോളേജ് റൂട്ട് എന്നിവിടങ്ങളിലാണ് നിലവില്‍ കൂടുതല്‍ യാത്രക്കാരുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam