Dailyhunt
വിഷുത്തിരക്ക് കുറയ്ക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈ-മംഗളൂരു, തിരുവനന്തപുരം റൂട്ടുകളില്‍ അധിക സര്‍വീസ്

വിഷുത്തിരക്ക് കുറയ്ക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈ-മംഗളൂരു, തിരുവനന്തപുരം റൂട്ടുകളില്‍ അധിക സര്‍വീസ്

Media Mangalam 1 week ago

ചെന്നൈ: വിഷു ആഘോഷത്തെ മുന്നില്‍ കണ്ടുകൊണ്ട് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു.

ചെന്നൈ, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് വിവിധ ദിവസങ്ങളില്‍ നടത്തുന്നത്.

ബുധനാഴ്ച (ഏപ്രില്‍ 8) രാത്രി 11.55-ന് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന (06127) സ്പെഷ്യല്‍ ട്രെയിൻ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. തിരിച്ചുള്ള സർവീസായ (06128) ട്രെയിൻ ഏപ്രില്‍ 9-ന് രാത്രി 8 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും.

കേരളത്തില്‍ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീ ടയർ, 10 സ്ലീപ്പർ, നാല് ജനറല്‍ കോച്ചുകളോടെയാണ് സർവീസ്. റിസർവേഷൻ ബുധനാഴ്ച ഉച്ചയോടെ ആരംഭിക്കും.

വെള്ളിയാഴ്ച വണ്‍വേ സ്പെഷ്യല്‍

ഏപ്രില്‍ 10-ന് (06153) ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രല്‍ വണ്‍വേ സ്പെഷ്യല്‍ ട്രെയിൻ ഉച്ചയ്ക്ക് 2.30-ന് പുറപ്പെട്ടു ശനിയാഴ്ച രാവിലെ 6.55-ന് മംഗളൂരുവിലെത്തും. ഇതിലും സമാന കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. റിസർവേഷൻ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും.

മംഗളൂരു-തിരുവനന്തപുരം പ്രത്യേക സർവീസ്

ഏപ്രില്‍ 11-ന് (06041) മംഗളൂരു ജങ്ഷനില്‍ നിന്ന് വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോർത്തില്‍ എത്തും. തിരിച്ചുള്ള സർവീസ് (06042) ഏപ്രില്‍ 12-ന് നടത്തും.

കാസർകോട് മുതല്‍ കൊല്ലം വരെ നിരവധി സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുള്ള ഈ സർവീസിന് ഏപ്രില്‍ 9-ന് രാവിലെ 8 മുതല്‍ റിസർവേഷൻ ആരംഭിക്കും.

ഏപ്രില്‍ 15-ന് വീണ്ടും ചെന്നൈ സർവീസ്

ഏപ്രില്‍ 15-ന് (06154) മംഗളൂരു സെൻട്രലില്‍ നിന്ന് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45-ന് ചെന്നൈ എഗ്മോറിലെത്തും. കാസർകോട് മുതല്‍ പാലക്കാട് വരെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. റിസർവേഷൻ ഏപ്രില്‍ 9 മുതല്‍ ലഭ്യമാകും.

യാത്രക്കാർക്ക് ആശ്വാസമായി പ്രത്യേക സർവീസുകള്‍

വിഷു സീസണില്‍ സാധാരണയേക്കാള്‍ കൂടുതലായി യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നതിനാല്‍, ഈ പ്രത്യേക ട്രെയിനുകള്‍ വലിയ ആശ്വാസമാകും. നേരത്തെ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് റെയില്‍വേ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam