കണ്ണൂർ: എല്‍ഡിഎഫിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളത്തിനിടെ കോണ്‍ഗ്രസിന് നേരെ പരിഹാസം.
വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് വീടുവച്ച് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പരിഹസിച്ചത്. 'കോണ്‍ഗ്രസ് ആദ്യം ശ്രുതിക്ക് വീടുവച്ച് നല്‍കട്ടെ. എന്നിട്ടാവാം ഇന്ദിരാ ഗ്യാരന്റി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതേസമയം, വയനാട് ടൗണ്‍ഷിപ്പിലെ വീടുകള്‍ വിഷുവിന് മുമ്പ് ദുരന്തബാധിതർക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വയനാട് ടൗണ്‍ഷിപ്പ് ആർക്ക് വേണമെങ്കിലും പോയി പരിശോധിക്കാം. ദുരന്തബാധിതരെ കൂടി കേട്ടിട്ടാണ് സർക്കാർ കാര്യങ്ങള്‍ ചെയ്‌തത്. വീടുകളെല്ലാം പൂർണമായി. അവിടെ ചില അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. എല്ലാം ഒരുങ്ങിയ ശേഷം ഞങ്ങള്‍ താമസിക്കാമെന്ന് ദുരന്തബാധിതരാണ് പറഞ്ഞത്. ഇപ്പോള്‍ അതിന്റെ അവകാശരേഖ മതിയെന്നും അവർ തന്നെയാണ് പറഞ്ഞത്. വിഷുവിന് മുമ്പ് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുമെന്നാണ് വിശ്വസിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. കാരണം അവർ അനുഭവസ്ഥരാണ്. കോണ്‍ഗ്രസ് ആദ്യം ശ്രുതിക്ക് വീടുവച്ച് നല്‍കട്ടെ. എന്നിട്ടാവാം ഇന്ദിരാ ഗ്യാരന്റി' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
പ്രോഗ്രസ് കാർഡിലെ പ്രധാന വിവരങ്ങള്‍
എല്‍ഡി എഫിന്റെ പ്രകടന പത്രികയിലെ 900 വാഗ്ദാനത്തില്‍ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയായി. ഒരു കുടുംബത്തില്‍ നാലുപേരുണ്ടെങ്കില്‍ 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താൻ കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് പുനർഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയിട്ടുണ്ട്.
നാല് ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു.16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നല്‍കിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാൻ തുടങ്ങി. പിഎസ്‌സി വഴിയുള്ള ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്ന സംസ്ഥാനം കേരളമാണ്. 3,13,202 നിയമനങ്ങളാണ് നടന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി വദ്ധിപ്പിച്ച് കൂടുതല്‍പേർക്ക് അവസരം നല്‍കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാൻ കഴിഞ്ഞു.
നാടിന്റെ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കി. റോഡുകള്‍ ഭംഗിയായി ചെയ്‌തു. മഴ പെയ്‌താല്‍ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാല്‍ ഇപ്പോള്‍ തുരങ്കപാത പ്രവർത്തനം ആരംഭിച്ചു. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. കണക്‌ട് ടു വർക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കള്‍ക്ക് ധനസഹായം നല്‍കാനായി. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നല്‍കിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ - സ്‌മാർട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാൻ തുടങ്ങി.

