ലക്നൗ: വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിലാണ് സംഭവം.
ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയില്‍ വിവാഹിതനാകുന്നതിന് തൊട്ടുമുമ്പാണ് ആസാദിനെ അക്രമികള്‍ കൊലപ്പെടുത്തിയത്.
ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിർത്തത്. അയാള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു.
ഉടൻതന്നെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.

