കണ്ണൂർ: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്.
'സിപിഎം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം' എന്ന നിലയില്‍ മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തില്‍ ചോദിച്ചതിനു മറുപടിയായാണ് രാഗേഷ് പ്രതികരണവുമായി രംഗത്തെത്തിയത്. വിഴിഞ്ഞത്തെ ഓഹരി വില്‍പനയുടെ കാര്യത്തില്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താല്‍പര്യമാണെന്നും, അത് ജനാധിപത്യബോധത്തിന്റെ താല്‍പര്യമാമാണെന്നും. വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രി ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്നത് എന്തുകൊണ്ടാണെന്നും കെകെ രാഗേഷ് ചോദിച്ചു. തങ്ങള്‍ക്ക് വിഴിഞ്ഞത്തോടുള്ള അമിത താല്‍പര്യം എന്താണെന്നും കെകെ രാഗേഷ് ചോദിച്ചു.
വാർത്താസമ്മേളനങ്ങളില്‍ ചോദ്യം ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയാണ്. പൊതുപ്രവർത്തകരെയാകെ അത്തരത്തില്‍ വിരട്ടി നിർത്താമെന്ന് കരുതരുത്. ഓഹരി വില്‍പന സംബന്ധിച്ച ചോദ്യമുയരുമ്പോള്‍ കാണിക്കുന്ന അസ്വസ്ഥത കണ്ടാല്‍, താങ്കള്‍ പ്രതിരോധത്തിലാണെന്നാണ് വിചാരിക്കേണ്ടത്. വാക്കുകള്‍, ശരീര ഭാഷ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തിനാണ് മുഖ്യമന്ത്രി ധനം, നിയമം, തുറമുഖം എന്നീ വകുപ്പുകള്‍ ബോധപൂര്‍വം ഏറ്റെടുത്തതെന്നും. അധികാരത്തില്‍ എത്തുന്നതിന് മുന്നോടിയായി പ്രത്യേക വിമാനത്തില്‍ മംഗളൂരുവില്‍ പോയി അദാനി അധികൃതരെ കണ്ടത് എന്തിനാണെന്നും, സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറാൻ അദാനി കമ്പനി തീരുമാനിച്ചത് എന്തിനാണെന്നും, വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയതിന്റെ കാരണമെന്തെന്നും തുടങ്ങി പല ചോദ്യങ്ങളും മലയാളികള്‍ക്കുണ്ടെന്നും. ഈ വിഷയങ്ങളില്‍ ഇന്നും ചോദ്യങ്ങള്‍ ഉയരുമെന്നും കെകെ രാഗേഷ് കൂട്ടിച്ചേർത്തു.
അതിനിടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി കമ്പനി നല്‍കിയ കത്തിന്മേല്‍ സർക്കാർ എന്തിലൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും, ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയോ എന്നും കത്തില്‍ പിണറായി വിജയൻ ചോദിച്ചു. കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാകില്ലെന്നും. സർക്കാർ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നുംപ്രതിപക്ഷ നേതാവിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

