പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നല്‍കിയെന്ന തരത്തില്‍ പാലക്കാട് ബിജെപിക്ക് എതിരെ ഉയർന്നുവന്ന ആരോപണത്തില്‍ പ്രാഥമിക പരിശോധന പൂർത്തിയാക്കി ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യല്‍ ബ്രാഞ്ചും.
കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നല്‍കിയതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ ഒരു സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടല്‍ നടത്തുകയായിരുന്നു. അതേസമയം വയോധികയുടെ വീട്ടില്‍ എത്തിയ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ചപ്പോള്‍, പണം നല്‍കിയെന്ന ആരോപണം വയോധിക നിഷേധിച്ചു. ആരും പണം നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങളില്‍ കാണുന്ന പണം വയോധികയുടെ പക്കല്‍ ഉണ്ടായിരുന്നതാണെന്നുമാണ് വീട്ടുകാർ പറഞ്ഞത് എന്നാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായും ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു.
അതേസമയം, ദൃശ്യങ്ങള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോള്‍, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നല്‍കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യല്‍ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബിജെപി പ്രവർത്തക പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് വയോധികയും രംഗത്തെത്തിയിരുന്നു. കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയായിരുന്നുവെന്ന് വയോധിക മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബവും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കലക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു.

