Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇറാൻ; കുതിച്ചുയര്‍ന്ന് വിലക്കയറ്റം

യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇറാൻ; കുതിച്ചുയര്‍ന്ന് വിലക്കയറ്റം

Media Mangalam 2 weeks ago

ടെഹ്റാൻ: യുദ്ധം അവസാനിക്കാത്തതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ ഇറാനില്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച ആക്രമണം ആറുമാസം പിന്നിട്ടിട്ടും നിർണായകമായ ഫലം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, പണപ്പെരുപ്പവും തൊഴിലില്ലായ്മയും കറൻസി തകർച്ചയും ജനജീവിതത്തെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയാണ്.

രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിലെത്തിയതായി ഇറാന്റെ സെൻട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യവും റെക്കോർഡ് താഴ്ചയിലെത്തി. ഒരു ഡോളറിന് ഏകദേശം 20 ലക്ഷം റിയാല്‍ എന്ന നിലയിലേക്കാണ് റിയാല്‍ ഇടിഞ്ഞത്.

കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുത്തനെ വർധിച്ചു. മുട്ട ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ആഴ്ചതോറും വില ഉയരുകയാണ്. ചെറുപയർ, കടല തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയും വർധിച്ചു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കുപോലും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയില്‍ ചിലർ പാകിസ്താനില്‍നിന്ന് അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വലിയ തോതില്‍ വാങ്ങി സൂക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ധന സബ്സിഡി പിൻവലിക്കുമെന്ന ആശങ്കയും ശക്തമാണ്. ഇതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.

ഭരണമാറ്റ പ്രതീക്ഷയും അസ്തമിച്ചു

യുദ്ധത്തിന്റെ തുടക്കത്തില്‍ ഭരണകൂടത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഇറാനിലെ ചില വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ ഇപ്പോള്‍ ഏറെക്കുറെ അസ്തമിച്ചതായാണ് റിപ്പോർട്ടുകള്‍. യുദ്ധം തുടരുന്നതിനിടെ ഭരണകൂടം കൂടുതല്‍ കർശനമായ നടപടികളിലേക്ക് നീങ്ങിയതായും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പുതിയ പരമോന്നത നേതാവായി അധികാരമേറ്റെന്നാണ് റിപ്പോർട്ടുകള്‍. സർക്കാരിനെതിരായ വിമർശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ തുടരുകയാണെന്നും രാഷ്ട്രീയ തടവുകാരെ വധിച്ചതായും വിമർശകരെ വേട്ടയാടുന്നതായും ആരോപണമുണ്ട്.

അമേരിക്ക ലക്ഷ്യം കൈവരിച്ചോ?

ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ലക്ഷ്യങ്ങളില്‍ ഇറാന്റെ ആണവായുധ പദ്ധതിക്ക് തടയിടുക, ഭരണകൂടത്തില്‍ മാറ്റം കൊണ്ടുവരിക, മിസൈല്‍ ശേഷി തകർക്കുക എന്നിവ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും ഈ ലക്ഷ്യങ്ങള്‍ പൂർണമായി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ഇറാനിലെ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, പെട്രോകെമിക്കല്‍ സ്ഥാപനങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവയും ആക്രമണങ്ങളുടെ ഭാഗമായി ലക്ഷ്യമിട്ടു. ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന തരത്തിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും ഇതിനിടെ വിവാദമായിരുന്നു.

ഹോർമുസ് പ്രതിസന്ധിയും തിരിച്ചടിയായി

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണക്കപ്പല്‍ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉപരോധം തകർക്കുന്നതിനായി അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകള്‍.

പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സർക്കാരിനോട് പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കറൻസി തകർച്ചയും വിലക്കയറ്റവും വീണ്ടും ജനരോഷത്തിന് കാരണമാകാനുള്ള സാധ്യതയും ശക്തമാണ്. കഴിഞ്ഞ ജനുവരിയിലെ പ്രതിഷേധങ്ങളെ സർക്കാർ ശക്തമായി അടിച്ചമർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതോടെ പുതിയ പ്രതിഷേധങ്ങള്‍ക്ക് കളമൊരുങ്ങുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ആറുമാസം പിന്നിട്ട യുദ്ധത്തില്‍ നിർണായക വിജയം അവകാശപ്പെടാൻ അമേരിക്കയ്ക്കും സാധിച്ചിട്ടില്ല; ഇറാനും പൂർണമായി കീഴടങ്ങിയിട്ടില്ല. എന്നാല്‍ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വില ഏറ്റവും കൂടുതല്‍ നല്‍കേണ്ടിവരുന്നത് സാധാരണ ഇറാൻ ജനതയ്ക്കാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam