Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുക്രെയ്നില്‍ റഷ്യയുടെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു, കീവില്‍ വ്യാപക നാശനഷ്ടം

യുക്രെയ്നില്‍ റഷ്യയുടെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു, കീവില്‍ വ്യാപക നാശനഷ്ടം

Media Mangalam 1 week ago

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ നടുക്കി റഷ്യയുടെ വൻ വ്യോമാക്രമണം. വൻതോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ റഷ്യ നടത്തിയ ആക്രമണത്തില്‍ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ആക്രമണ പരമ്പരകളുടെ തുടർച്ചയായാണ് ഈ പുതിയ പ്രഹരം.

യുക്രെയ്ൻ വ്യോമസേന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 351 ഡ്രോണുകളും 68 മിസൈലുകളുമാണ് റഷ്യൻ സേന പ്രയോഗിച്ചത്. ഇതില്‍ 29 ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധം ഭേദിച്ച്‌ ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചതായാണ് വിവരം. ആക്രമണത്തില്‍ തലസ്ഥാന നഗരിയിലെ നിരവധി കെട്ടിടങ്ങള്‍ തകരുകയും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തകർന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

ആയുധശാലകള്‍ ലക്ഷ്യമിട്ടെന്ന് റഷ്യ; സ്ഥിരീകരിക്കാതെ യുക്രെയ്ൻ
ഡ്രോണുകളും മിസൈലുകളും നിർമിക്കുന്ന കീവിലെ പ്രധാന ആയുധനിർമാണ ശാലകളെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അടുത്തിടെ റഷ്യൻ അതിർത്തിക്കുള്ളില്‍ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും മോസ്കോ വ്യക്തമാക്കി. എന്നാല്‍ ആയുധശാലകള്‍ തകർത്തെന്ന റഷ്യയുടെ അവകാശവാദം യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച കീവിലുണ്ടായ റഷ്യൻ ആക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയുണ്ടായ ഈ രൂക്ഷമായ വ്യോമാക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam