സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം കുറഞ്ഞ ചെലവില്‍ പരിഹരിക്കാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. സോളാർ എനർജി കോർപ്പറേഷൻ(സെകി)ല്‍ നിന്ന് 25 വർഷത്തേക്ക് 200 മെഗാവാട്ട് പുനരുപയോഗ ഊർജം വാങ്ങുന്ന കരാറിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിരിക്കുകയാണ്.
യൂണിറ്റിന് 2.93 രൂപ എന്ന നിരക്കില്‍ ലഭിക്കുന്ന ഈ വൈദ്യുതി സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമായ വൈകിട്ട് 6 മുതല്‍ അർധരാത്രിവരെയുള്ള സമയത്ത് ഉപയോഗിക്കാനാകും.
കരാർ പ്രകാരം, 'വെല്‍സ്പണ്‍ റിന്യൂവബിള്‍ എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തില്‍ നിന്ന് സെകി യൂണിറ്റിന് 2.86 രൂപയ്ക്ക് വൈദ്യുതി വാങ്ങും. ഇതിന് 7 പൈസ ട്രേഡിങ് മാർജിൻ ചേർത്താണ് കെഎസ്‌ഇബിക്ക് 2.93 രൂപയ്ക്ക് വിതരണം ചെയ്യുക. പീക്ക് സമയത്ത് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തല്‍. കരാർ പ്രകാരമുള്ള വൈദ്യുതി വിതരണം മുടങ്ങിയാല്‍ കരാർ നിരക്കിന്റെ ഒന്നര ഇരട്ടി പിഴ നല്‍കേണ്ട വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിക്ക് കെഎസ്‌ഇബി ഡയറക്ടർ ബോർഡ് അംഗീകാരം നല്‍കിയതോടെ കരാർ കരടും തയ്യാറാക്കി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു.
ഇതിനൊപ്പം, അടുത്ത വർഷം ജനുവരി മുതല്‍ അഞ്ച് വർഷത്തേക്ക് പീക്ക് സമയങ്ങളില്‍ മാത്രം 300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും കെഎസ്‌ഇബി അനുമതി തേടിയിട്ടുണ്ട്. നിലവില്‍ ഉല്‍പാദന കേന്ദ്രത്തിലെ വൈദ്യുതി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് രീതിക്ക് പകരം, പ്രസരണച്ചെലവും ഉള്‍പ്പെടുത്തി കേരളത്തില്‍ എത്തുന്ന അന്തിമ വില കണക്കാക്കണമെന്നാണ് നിർദേശം.
പുനരുപയോഗ ഊർജ പദ്ധതികള്‍ക്കും ബാറ്ററി സംഭരണ സംവിധാനങ്ങള്‍ക്കും കേന്ദ്ര സർക്കാർ സംസ്ഥാനാന്തര പ്രസരണ ചാർജില്‍ ഇളവ് അനുവദിക്കുന്ന സാഹചര്യത്തില്‍, ഈ മാറ്റം ഹരിത ഊർജ പദ്ധതികള്‍ക്ക് കൂടുതല്‍ മുൻതൂക്കം നല്‍കുമെന്നും പരമ്പരാഗത കല്‍ക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങളേക്കാള്‍ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും കെഎസ്‌ഇബി പ്രതീക്ഷിക്കുന്നു.

