പാരിസ്: ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗങ്ങളിലൊന്നിന്റെ പിടിയിലായി യൂറോപ്യൻ രാജ്യങ്ങള്‍. റെക്കോർഡ് ചൂട് മൂലം വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 2,000 പിന്നിട്ടതായി റിപ്പോർട്ടുകള്‍.
വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ രാജ്യങ്ങള്‍ അടിയന്തര മുൻകരുതലുകളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്.
ഫ്രാൻസിന്റെ തെക്കൻ ഭാഗങ്ങളായ ഓഡ്, ഇറോ പ്രവിശ്യകളില്‍ ഏകദേശം 2,200 ഏക്കർ വനമേഖല കാട്ടുതീയില്‍ കത്തിനശിച്ചു. തീപിടിത്തം വ്യാപിച്ചതോടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മാർസേയില്‍ കഴിഞ്ഞ ദിവസം നിയന്ത്രണവിധേയമാക്കിയ കാട്ടുതീക്കു പിന്നാലെയാണ് പുതിയ ദുരന്തം. ഗ്രീസിലും കാട്ടുതീയില്‍ രണ്ട് പേർ മരിച്ചു.
ചൂട് കനത്തതോടെ പല രാജ്യങ്ങളിലും ജലക്ഷാമം രൂക്ഷമായി. ഉയർന്ന താപനില കാരണം റെയില്‍പാളങ്ങള്‍ വളഞ്ഞതും പൊട്ടലുകള്‍ രൂപപ്പെട്ടതും ചില മേഖലകളില്‍ ട്രെയിൻ സർവീസുകള്‍ തടസ്സപ്പെടാൻ കാരണമായി. വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടതോടെ ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി. ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളില്‍ ഇന്നലെ താപനില 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.
നെതർലൻഡ്സില്‍ ഒരാഴ്ചയ്ക്കിടെ 40 ഡിഗ്രിക്ക് മുകളിലായ ചൂടിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ട് 480 പേർ മരിച്ചതായി ഡച്ച് ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും 80 വയസിന് മുകളിലുള്ളവരാണ്. ഫ്രാൻസിലും സ്പെയിനിലും ആയിരത്തോളം പേർ വീതം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായാണ് കണക്കുകള്‍.
സ്പെയിനിലെ ബാർസിലോനയില്‍, ശുചീകരണ തൊഴിലാളികളുള്‍പ്പെടെ പുറംജോലി ചെയ്യുന്ന നഗരസഭാ ജീവനക്കാർക്ക് ശരീരതാപനിലയും അപകടസാധ്യതയും നിരീക്ഷിക്കുന്ന പ്രത്യേക ബ്രേസ്‌ലറ്റുകള്‍ വിതരണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച കടുത്ത ചൂടില്‍ ഒരു ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.
അതേസമയം, ഉഷ്ണതരംഗത്തെ നേരിടുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഫ്രാൻസിലെ പ്രതിപക്ഷമായ ഗ്രീൻ പാർട്ടി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനുവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ കാലാവസ്ഥാ പ്രതിസന്ധി ഫ്രാൻസില്‍ രാഷ്ട്രീയ വിവാദമായും മാറിയിരിക്കുകയാണ്.

