Sunday, 09 Aug, 6.56 pm Media One TV

ദേശീയം
8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം

രാജ്യത്തെ 8.5 കോടി കര്‍ഷകര്‍ക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ ഭാഗമായാണ്​ തുക നല്‍കിയത്​. ക൪ഷക൪ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.

2018ല്‍ ആരംഭിച്ച പദ്ധതിയുടെ ആറാം ഗഡുവാണിത്​. 10 കോടിയിലധികം കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ 90,000 കോടി രൂപ നേരിട്ട്​ നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശവാദം. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ ഈ തുക കര്‍ഷകരിലെത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സംതൃപ്​തനാണെന്ന്​ മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ തുക കൈമാറ്റം ഉദ്​ഘാടനം ചെയ്​തത്​.

'പി‌എം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാന്‍ തികച്ചും സംതൃപ്തനാണ്'- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി തുടക്കമിട്ടു. കമ്മ്യൂണിറ്റി ഫാമിങ്ങും കാര്‍ഷിക വിളകളുടെ കോള്‍ഡ് സ്റ്റോറേജ്, സംഭരണകേന്ദ്രം, സംസ്​കരണ യൂണിറ്റുകള്‍ എന്നിവ സജ്ജീകരിക്കാനാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ഇവ കര്‍ഷകരെ അവരുടെ ഉല്‍‌പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നേടാന്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top