Sunday, 20 Sep, 7.02 am Media One TV

കേരളം
ബന്ധുവിലുള്ള വിശ്വാസം പോപ്പുലര്‍ ഫിനാന്‍സിലെത്തിച്ചു; അജിതക്ക് നഷ്ടമായത് ജീവിതകാലത്തെ സമ്ബാദ്യം

പോപ്പുലര്‍ ഫിനാന്‍സിന്‍റെ തട്ടിപ്പില്‍ കുരുങ്ങി മൂന്ന് ലക്ഷം രൂപയാണ് അടൂര്‍ മണക്കാല സ്വദേശി അജിതക്ക് നഷ്ടമായത്. സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന അടുത്ത ബന്ധുവിലുള്ള വിശ്വാസമാണ് അവരെ പോപ്പുലര്‍ നിക്ഷേപകയാക്കിയത്. സാമ്ബത്തിക തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ നഷ്ടമായ പണം തനിക്കും തിരികെ ലഭിക്കുമെന്നാണ് അജിതയുടെ വിശ്വാസം.

സ്വകാര്യ സ്ഥാപനത്തില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. വീട്ടുകാര്യങ്ങള്‍ നോക്കാനാണ് പിന്നീട് ജോലി ഉപേക്ഷിച്ച്‌ അവര്‍ മുഴുവന്‍ സമയ വീട്ടമ്മയായത്. ഭര്‍ത്താവ് ബെന്നറ്റ് വിദേശത്താണങ്കിലും പശു വളര്‍ത്തിയും മിച്ചം പിടിച്ചും അജിത സ്വന്തം നിലയില്‍ ഒരു തുക സ്വരുക്കൂട്ടിയിരുന്നു.

പ്രായമായ അമ്മക്ക് സഹായം നല്‍കുന്നതിനും തന്‍റെ രണ്ട് പെണ്‍മക്കളുടെ ഭാവിയെ കരുതിയുമാണ് നിക്ഷേപം ആരംഭിച്ചതെന്നാണ് അജിത പറയുന്നത്. എന്നാല്‍ സ്വന്തം നിലയില്‍ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നതിനെ കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകില്ലന്നും അവര്‍ പറയുന്നു.

പോപ്പുലര്‍ ഫിനാന്‍സിന്‍റെ ഇടപാടുകാരില്‍ കള്ളപ്പണക്കാരുണ്ടാകാം, എന്നാല്‍ ഓരോ സ്വപ്നവും പേറി അധ്വാനിച്ചുണ്ടാക്കിയ സമ്ബാദ്യം അവിടെ നിക്ഷേപം നടത്തിയ ചില അജിതമാരും ഉണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top