Monday, 14 Jun, 5.22 pm Media One TV

കേരളം
ബിജെപിയോടുള്ള കെ.പി.സി.സിയുടെ സമീപനത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

ബി.ജെ.പിയോടുള്ള കെ.പി.സി.സിയുടെ സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റിയത്.

പുതിയതായി നിയമിതനായ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ബി.ജെ.പി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം ആരോപിച്ചു. വര്‍ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ് സന്ധിചേരുമെന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഇത് നല്‍കുന്നതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. എല്ലാക്കാലത്തും ബി.ജെ.പിയോട് സൗഹാര്‍ദ്ദ സമീപനം എന്നത് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ മുഖമുദ്രയുമാണെന്നും സിപിഎം ആരോപിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു.

ഇത് കേരളത്തിലെ ജനങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച്‌ സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സി.പി.എം അറിയിച്ചു. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴല്‍പ്പണം ഇറക്കിയുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുടെ കുഴല്‍പ്പണം, കോഴ ഇടപാടുകളെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top