കേരളം
കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം

കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം. ആദ്യ പടിയായി ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമാക്കും. വെഗാന്‍ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ സംരംഭത്തിന്റെ ഭാഗമാണിത്. എന്‍.ഐ.ടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയായി.
ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി 'ഹരിത ചൊവ്വ' ആചരിക്കാന്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയും (എന്‍ഐടി) ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്സ് പിലാനി) ധാരണയായി. വെഗാന്‍ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്ഡേ) സംരംഭത്തിന്റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഗ്രീന്‍ ട്യൂസ്ഡേ.
കോഴിക്കോട് എന്‍.ഐ.ടി തുറക്കുന്ന മുറയ്ക്ക് ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രമായിരിക്കും ഉപയോഗിക്കുക. അതേസമയം ഗോവ ബിറ്റ്സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയ്ക്കാന്‍ ഈ സംരംഭം സഹായകമാണെന്നാണ് വിശദീകരണം.
മനുഷ്യനിര്‍മ്മിതമായ ഗ്രീന്‍ഹൗസ് വാതക ഉദ്വമനം, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളര്‍ത്തുമൃഗ പരിപാലനമാണെന്നും വേഗന് ഔട്ട് റീച്ച് വാദിക്കുന്നു. വെഗാന്‍ എന്നാല്‍ സസ്യാഹാര പ്രിയന് എന്നാണര്‍ത്ഥം. യുഎന്നിനായി ഇന്റര്‍ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാംസം, പാല്, മുട്ട, മറ്റ് മൃഗ ഉല്പന്നങ്ങള് എന്നിവ വ്യക്തികള്‍ വെട്ടിക്കുറച്ചാല്‍ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് പറയുന്നു.
ഗൗതം ബുദ്ധ സര്‍വകലാശാലയും ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്സേ പ്രതിജ്ഞയില്‍ ഒപ്പുവച്ചു. ചിലര്‍ മാംസമില്ലാത്ത ദിവസങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. മറ്റു ചിലര്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്ബുന്ന മുട്ടകളുടെയും പാലുല്‍പ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്. ഗ്രീന്‍ ട്യൂസ്ഡേ ഇനിഷ്യേറ്റീവില്‍, ഇന്ത്യയിലെ 22 സ്ഥാപനങ്ങള്‍ അംഗങ്ങളാണ്.
ഇതിനോടനുബന്ധിച്ചു നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ ചലച്ചിത്രതാരം സദാ സയീദ്, വെഗാന്‍ പ്രവര്‍ത്തകനും എവറസ്റ്റ് കൊടുമുടി ജേതാവുമായ കുണ്ഡല് ജോയിഷര്‍ എന്നിവര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വെഗാന്‍ ഔട്ട്റീച്ച് പ്രോഗ്രാം ഡയറക്ടര്‍ റിച്ചാ മേത്ത, ഭവ്യ വാട് രാപു എന്നിവര്‍ പങ്കെടുത്തു.
related stories
-
ഇടുക്കി ന്യൂജന്‍ ലുക്കില്‍ എത്തും നഗരസഭാ പാര്‍ക്ക്
-
ലേറ്റസ്റ്റ് ന്യൂസ് കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി
-
കൊറോണ വൈറസ് ആലപ്പുഴ ജില്ലയില്‍ 1157 പേര്‍ക്ക് കോവിഡ്