Thursday, 16 Sep, 1.53 pm Media One TV

പ്രധാന വാര്‍ത്തകള്‍
കുത്തിയൊഴുകുന്ന നദി മുറിച്ചു കടന്ന് ഥാര്‍; കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി ഉണ്ടാക്കേണ്ടി വരുമോ എന്ന് ആനന്ദ് മഹിന്ദ്ര

വാഹനപ്രേമികള്‍ക്കിടയില്‍ കൃത്യമായ ഫാന്‍ബേസുള്ള കമ്ബനിയാണ് തദ്ദേശീയ നിര്‍മാതാക്കളായ മഹിന്ദ്ര. പല ശ്രേണികളിലുള്ള വാഹനങ്ങള്‍ ഇറക്കുന്നുണ്ടെങ്കിലും കരുത്തുറ്റതും പരുക്കനുമായ ജീപ്പുകളും എസ്.യു.വികളുമാണ് മഹിന്ദ്രക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ഓഫ്‌റോഡിലും പരുക്കന്‍ പ്രതലങ്ങളിലും അവിശ്വസനീയമായ പ്രകടനം കാഴ്ചവെക്കുന്ന മഹിന്ദ്ര വാഹനങ്ങള്‍ രാജ്യത്ത് നിരവധി റാലികളില്‍ ചാമ്ബ്യന്മാരായതില്‍ അത്ഭുതമില്ല.

റോഡിലും ഓഫ് റോഡിലും കൂസലില്ലാതെ കുതിച്ചുപായുമെങ്കിലും, തങ്ങളുടെ ഏതെങ്കിലും വാഹനം വെള്ളത്തില്‍ ഓടിക്കാനുള്ളതാണെന്ന് മഹിന്ദ്ര കമ്ബനി അവകാശപ്പെടാറില്ല. എന്നാല്‍ സമീപകാലത്ത്, മറ്റു വാഹനങ്ങള്‍ നിന്നുപോയേക്കാവുന്ന വിധം വെള്ളക്കെട്ടും ഒഴുക്കുമുള്ള സന്ദര്‍ഭങ്ങളില്‍ ബൊലേറോയും ഥാറും നടത്തിയ മികച്ച പ്രകടനങ്ങളുടെ വീഡിയോകള്‍ വാഹനപ്രേമികളുടെ മനംകവര്‍ന്നു. വൈറലായ ഈ വീഡിയോകള്‍ മഹിന്ദ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്രയുടെ ശ്രദ്ധയിലെത്തുകയും ചെയ്തു. ഇനിയിപ്പോള്‍ വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന 'ഉഭയ' (ആംഫിബയസ്) വാഹനങ്ങള്‍ ഇറക്കേണ്ടി വരുമോ എന്നാണ് അദ്ദേഹം സരസമായി ഇതിനോട് പ്രതികരിച്ചത്.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ, ടയറുകള്‍ മൂടുംവിധമുള്ള വെള്ളിറത്തിലുള്ള പൊലീസിന്റെ ബൊലേറോ അനായാസം കടന്നുപോകുന്ന വീഡിയോ ഹരിഷ് ദേവസി നൈനോള്‍എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് ഷെയര്‍ ചെയ്തുകൊണ്ട് ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തത് ഇങ്ങനെ:

'ശരിക്കും? സമീപകാലത്തുണ്ടായ മഴയിലോ? സത്യംപറഞ്ഞാല്‍ ഞാനും അത്ഭുതപ്പെട്ടു പോയി...

ആയിരത്തോളമാളുകളാണ് ഇതിനോട് പ്രതികരിച്ച്‌ ട്വീറ്റുകളിട്ടത്. ബൊലേറോ, ഥാര്‍, സ്‌കോര്‍്പപിയോ മഹിന്ദ്ര വാഹനങ്ങളുടെ കരുത്തിനെയും പരുക്കന്‍ സ്വഭാവത്തെയും അഭിനന്ദിക്കുന്ന അനുഭവവും വീഡിയോകളും പലരും പങ്കുവെച്ചു. അതേസമയം, മഹിന്ദ്ര വാഹനങ്ങളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെച്ചവരുമുണ്ട്. ടയറിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമുള്ള വെള്ളത്തില്‍ ടി.യു.വി നിന്നുപോയതും സെന്‍സറുകള്‍ മാറ്റാന്‍ വന്‍തുക ചെലവു വന്നതും ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സര്‍വീസ് ചെയ്ത് മടുത്ത കാര്‍ മറിച്ചിട്ട് ചെടികള്‍ വളര്‍ത്തേണ്ടി വന്ന അനുഭവമാണ് മറ്റൊരാള്‍ കുറിച്ചത്.

ഇതിനു പിന്നാലെ, സാമാന്യം നല്ല ഒഴുക്കുള്ള പുഴയിലൂടെ ഥാര്‍ മുറിച്ചു കടക്കുന്നതിന്റെ യൂട്യൂബില്‍ വൈറലായ വീഡിയോയും ആനന്ദ് മഹിന്ദ്ര പങ്കുവെച്ചു. വെള്ളം കുത്തിയൊഴുകുന്ന പുഴയിലേക്ക് സാഹസികമായി ഥാര്‍ ഇറങ്ങുന്നതിന്റെയും ഒഴുക്കില്‍ ഉലഞ്ഞിട്ടും മറുകരയിലെത്തുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

'ഗുജറാത്തിലെ പ്രളയത്തിലൂടെ ബൊലേറോ സഞ്ചരിക്കുന്ന വീഡിയോ ഞാന്‍ റീട്വീറ്റ് ചെയ്തപ്പോള്‍ നിങ്ങളില്‍ പലരും യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. 'മഹിന്ദ്ര ഉഭയ വാഹനങ്ങള്‍' (എം.എ.വി) എന്നൊരു വിഭാഗം കൂടി തുടങ്ങേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.' - എന്ന കുറിപ്പോടെയായിരുന്നു ഇത്.

ഈ ട്വീറ്റിനോടും നിരവധി പേര്‍ പോസിറ്റീവായി പ്രതികരിച്ചെങ്കിലും ഇത്തരം വീഡിയോകള്‍ പങ്കുവെക്കുന്നത് മോശം സന്ദേശമാവും നല്‍കുകയെന്ന് പലരും ചൂണ്ടിക്കാട്ടി. മഹിന്ദ്ര വാഹനങ്ങളുടെ കരുത്തും ശേഷിയും പരസ്യം ചെയ്യാന്‍ ഇത്തരം വീഡിയോകള്‍ ഉപകരിക്കുമെങ്കിലും അപകടകമായ ഈ പ്രവണത ഉന്നതപദവിയിലുള്ള ആനന്ദ് മഹിന്ദ്ര പ്രോത്സാഹിപ്പിക്കരുതെന്നാണ് അഭിപ്രായങ്ങള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top