ദേശീയം
മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബംഗാളില്‍ തൃണമൂല്‍ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാര്‍ട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ സ്വീകരിച്ചു.
സംസ്ഥാന ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. കഴിഞ്ഞ കുറേ കാലങ്ങളായി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ഇദ്ദേഹം സ്വന്തം നിലക്ക് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് തൃണമൂല്‍ കേന്ദ്രങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്നും ജനസേവനവുമായി മുന്നോട്ട് പോവുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമായി രാജി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിട്ട അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തൃണമൂലിലെ ജനകീയ മുഖങ്ങളില്‍ ഒരാളായ സുവേന്ദു അധികാരിയുടെ കൊഴിഞ്ഞു പോക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന മമതക്കും സംഘത്തിനും വലിയ തിരിച്ചടിയായിരിക്കും.