Monday, 26 Oct, 6.37 am Media One TV

കേരളം
നേതാവ് അല്ലെങ്കില്‍ ഭാര്യ, അതുമല്ലെങ്കില്‍ ബന്ധുവോ വീട്ടിലെ കോഴിയോ; സീറ്റ് വിഭജന ചര്‍ച്ച ഇങ്ങിനെയെന്ന് കെ.എസ്.യു

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു. തദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് കെ.എസ്.യു. കൊല്ലം ജില്ലാ നേതൃയോഗത്തില്‍ പ്രമേയം. പ്രമേയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

നേതാവ് അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ നേതാവിന്റെ ബന്ധു അതുമല്ലെങ്കില്‍ നേതാവിന്‍റെ വീട്ടിലെ കോഴി ഈ രീതിയിലാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതെന്ന് കെ.എസ്.യു.വിന്റെ പ്രമേയത്തില്‍ പറയുന്നു. കുടുംബവാഴ്ചക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമേയത്തില്‍ ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കന്മാരെയും പ്രവര്‍ത്തകരെയും പടിക്കുപുറത്ത് നിര്‍ത്തിയാല്‍ പഞ്ചായത്ത് തലം മുതല്‍ കോര്‍പ്പറേഷന്‍ തലം വരെ ജനസ്വീകാര്യതയുള്ള യുവജനങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമെന്ന ഭീഷണിയുമുണ്ട്.

.നാലര വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം ആഡംബര കാറുകളില്‍ എത്തി സീറ്റ് വാങ്ങാന്‍ ശ്രമിക്കുന്നവരെ നേതൃത്വം വിലക്കണമെന്ന് പ്രമേയം പറയുന്നു. യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കന്മാരെയും പ്രവര്‍ത്തകരെയും ഒഴിവാക്കി നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിപ്പിക്കുവാന്‍ ഡിസിസി നേതൃത്വം തയ്യാറാകണമെന്നും പ്രമേയത്തിലൂടെ കെ.എസ്.യു. ആവശ്യപ്പെടുന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് .ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ പ്രമേയം കൈമാറി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top