കേരളം
ഓണ്‍ലൈനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍, പണമയക്കാന്‍ എടിഎം കാര്‍ഡിന്റെ ഫോട്ടോയും: തിരുവനന്തപുരത്ത് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്

സൈനികര്‍ക്കെന്ന വ്യാജേന ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. തിരുവനന്തപുരം ചെങ്കോട്ടുകോണത്തെയും ശ്രീകാര്യത്തെയും ഹോട്ടലുകളിലാണ് പാഴ്സല്‍ ഓര്‍ഡര്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചത്. പണമിടാന്‍ എന്ന പേരില്‍ എടിഎം കാര്‍ഡിന്റെ ഫോട്ടോ വാട്സാപ്പില്‍ അയക്കാന്‍ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്. പണമില്ലാത്ത അക്കൌണ്ടിലെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ കടയുടമ നല്‍കിയതോടെ മറ്റൊരു അക്കൌണ്ട് ആവശ്യപ്പെട്ടു. സംശയം തോന്നിയ കടയുടമ സൈബര്‍ സെല്ലില്‍ പരാതി നല്കി.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ തട്ടിപ്പിന് ശ്രമം നടന്നിട്ടുള്ളത്. ആദ്യം ആര്‍മിയിലേക്കാണ് എന്ന് പറഞ്ഞ് ഫുഡ് ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് സംഘം വിളിച്ചത്. ഫുഡ് തയ്യാറായാല്‍ വിളിച്ച നമ്ബറില്‍ തിരിച്ചു വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. പിന്നീട് കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് ഫോണെടുത്തയാള്‍ പണമയക്കണമെങ്കില്‍ എടിഎം കാര്‍ഡിന്റെ ഇരുവശത്തേയും ഫോട്ടോ എടുത്ത് അയക്കണമെന്ന് അറിയിച്ചത്. ഗൂഗിള്‍ പേ വഴിയോ ഫോണ്‍ പേ വഴിയോ പണമയച്ചോളൂ എന്ന് കടയുടമോ പറഞ്ഞെങ്കിലും, ആര്‍മിയുടെ അക്കൌണ്ട് ആയതിനാല്‍ അങ്ങനെ അയയ്ക്കാന്‍ കഴിയില്ലെന്നും എടിഎം കാര്‍ഡ് വഴി മാത്രമേ അയയ്ക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് മറുഭാഗത്ത് നിന്ന് കിട്ടിയ മറുപടി. തുടര്‍ന്ന് കടയുടമ, തന്റെ പേഴ്സണല്‍ അക്കൌണ്ടിന്റെ എടിഎം കാര്‍ഡ് നല്‍കുകയായിരുന്നു.
ആസാമില്‍ നിന്നാണ് ഫോണ്‍ വന്നിട്ടുള്ളത് എന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. മറ്റൊരു സംസ്ഥാനത്തിന്പുറത്ത് നടന്ന കുറ്റകൃത്യമായതിനാല്‍ നടപടിയെടുക്കാന്‍ പരിമിതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.