Thursday, 23 Sep, 4.50 pm Media One TV

പ്രധാന വാര്‍ത്തകള്‍
പ്രശ്‌നം വഷളാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; അതിന് സഭയെ മുഴുവനായി കൂടെ ചേര്‍ക്കേണ്ടെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കണമെന്ന് അങ്കമാലി അതിരൂപത സംരക്ഷണ സമിതി. പാലാ ബിഷപ്പിനെ പിന്തുണച്ച്‌ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനെ സഭാ സംരക്ഷണ സമിതി തള്ളി. പ്രശ്‌നം പറഞ്ഞു തീര്‍ക്കാതെ മുസ്‌ലിംകളുമായി യുദ്ധം നടത്താനാണ് സീറോ മലബാര്‍ സഭയുടെ ചില നേതാക്കള്‍ സന്നദ്ധമാകുന്നതെങ്കില്‍ അതിന് സഭയെ മുഴുവനായി കൂടെ ചേര്‍ക്കേണ്ടതില്ലെന്ന് സഭാ സംരക്ഷണ സമിതി പി.ആര്‍.ഒ ഫാദര്‍ ജോസ് വൈലികോടത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചു കഴിഞ്ഞു. കേരളത്തിലെ ഒന്നൊഴികെ മറ്റെല്ലാ പാര്‍ട്ടികളും ബിഷപ്പിന്റെ പ്രസ്താവന അനുചിതമായിപ്പോയി എന്നു വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഈ പ്രസ്താവന തള്ളുകയും മയക്കുമരുന്നു വ്യാപരത്തിന് ജാതിയും മതവുമില്ലെന്നും അനാവശ്യമായ പരാമര്‍ശം നടത്തിയവര്‍ തന്നെ തെറ്റുമനസ്സിലാക്കി തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സീറോ-മലബാര്‍ സഭയുടെ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവന പ്രതിഷേധാര്‍ഹമാണ്.

കലുഷിതമായ അന്തരീക്ഷത്തില്‍ കാര്‍ഡിനല്‍ ക്ലീമിസ് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ പങ്കെടുക്കാതെയാണ് ഈ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ആരോടാണ് ഈ പ്രസ്താവന നടത്തുന്നത്? പൊതുജനങ്ങളോടോ? ഇതില്‍ വ്രണിതരായി എന്ന് അറിയുന്നതു മുസ്‌ലിംകളാണ്. ഇതു പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കേണ്ടത് അവരോടാണ്. സഭയുടെ കേന്ദ്രത്തില്‍ നിന്നു ഈ പ്രസ്താവന പുറപ്പെടുവിച്ചത് അവരുമായി ഒരു വാക് പോരിനാണോ? ഈ കമ്മീഷന്‍ മാത്രമല്ല ഈ പ്രസ്താവനയുണ്ടാക്കാന്‍ സമ്മേളിച്ചത്. ഒരേ തൂവല്‍പക്ഷികളെ ഒരു യുദ്ധത്തിന് ഒരുക്കുകയാണോ?

ഇതില്‍ പറയുന്നതുപോലെ ഇതു പള്ളിയകത്തു നടന്ന 'സ്വകാര്യപ്രശ്‌ന'മായിരുന്നെങ്കില്‍ ഷെക്കീന ടിവി ഇതു പ്രക്ഷേപണം ചെയ്തത് എന്തിന്? മറിച്ച്‌ ഇതു സ്വകാര്യ സംസാരമായിരുന്നെങ്കില്‍ താമരേേശ്ശരി രൂപതയിറക്കിയ വേദപാഠത്തിന്റെ ഉപപാഠവും കണ്ണന്‍ചിറ അച്ചന്റെ വേദപാഠാധ്യാപകരോടുള്ള ക്ലാസ്സും സ്വകാര്യമായിരുന്നു. ഈ സമിതി അവരുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇടപെട്ടില്ല? അവര്‍ ക്ഷമാപണം നടത്തി പ്രശ്‌നം അവസാനിപ്പിച്ചല്ലോ.

പാലാ പിതാവ് വെറുതെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പദം ഉപയോഗിച്ചു എന്നതല്ല പ്രശ്‌നം. അദ്ദേഹം പറയുന്നതു മുസ്‌ലിം തീവ്രവാദ സംഘടനകള്‍ ആയുധ മാര്‍ഗത്തിനു പകരം ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും മാര്‍ഗങ്ങളാക്കി പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നു എന്നാണ്. ഈ പ്രശ്‌നം അദ്ദേഹവും മുസ്‌ലിംകളുമായി പറഞ്ഞു തീര്‍ക്കണമെന്നാണ് പൊതുസമൂഹത്തിനുവേണ്ടി സംസാരിച്ച രാഷ്ട്രീയ നേതാക്കളും മതനേതാക്കളും പറഞ്ഞത്. അതാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. അതു ചെയ്യാതെ ഒരു യുദ്ധം മുസ്‌ലിംകളുമായി നടത്താന്‍ സീറോ മലബാര്‍ സഭയുടെ ചില നേതാക്കള്‍ സന്നദ്ധമാകുന്നതെങ്കില്‍ അങ്ങനെ സീറോ മലബാര്‍ സഭയെ മൊത്തമായി എടുത്ത് അതു ചെയ്യാനാകില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഈ പ്രശ്‌നം കൊണ്ട് രാഷ്ട്രീയം കളിച്ചു സഭയെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആരും ശ്രമിക്കരുതെന്നും രൂപതാ സംരക്ഷണ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top