Friday, 27 Nov, 8.16 pm Media One TV

ദേശീയം
സ്റ്റാന്‍ സ്വാമിക്കായി സ്ട്രോയും സിപ്പര്‍ കപ്പും ക്യാമ്ബയിനുമായി സോഷ്യല്‍ മീഡിയ

ഭീമ കൊറേ​ഗാവ് ​ഗൂഡാലോചന കേസില്‍ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കായി സിപ്പര്‍ കപ്പ് കാമ്ബയിനുമായി സോഷ്യല്‍ മീഡിയ. പാര്‍ക്കിന്‍സന്‍ രോ​ഗത്താല്‍‍ ബുദ്ധിമുട്ടുന്ന സ്റ്റാന്‍ സ്വമിക്ക് ജയിലില്‍ ഉപയോ​ഗിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും നല്‍കാനാവില്ലെന്ന എന്‍.ഐ.എയുടെ നിലപാടിനെതിരെയാണ് കാമ്ബയിന്‍. സിപ്പര്‍ കപ്പിനായുള്ള സ്വാമിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച സമയമാണ് എന്‍.ഐ.എക്ക് കോടതി നല്‍കിയത്.

ഭീമ കൊറേ​ഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഘണ്ഡില്‍ വെച്ച്‌ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യും നേരം അദ്ദേഹത്തിന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പര്‍ കപ്പും ജയിലധികൃതര്‍ പിടിച്ചുവെച്ചുവെന്നാണ് അഭിഭാഷകന്‍ ഷരീഫ് ഷെയിഖ് പറയുന്നത്. ഇത് തിരികെ ലഭിക്കാന്‍ മൂന്നാഴ്ച്ച മുമ്ബ് സ്റ്റാന്‍ സ്വാമി നല്‍കിയ അപേക്ഷയില്‍, തങ്ങളുടെ പക്കല്‍ അദ്ദേഹത്തിന്റെ വസ്തക്കളൊന്നും തന്നെയില്ല എന്നായിരുന്നു എന്‍.ഐ.എയുടെ മറുപടി.

കപ്പും സ്ട്രോയും അനുവദിക്കുന്നതിനെ കുറിച്ച്‌ മറുപടി നല്‍കാന്‍ മറ്റൊരു 20 ദിവസം കൂടി കോടതിയോട് ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ ഭാ​ഗം പരി​ഗണിച്ച്‌, ഹരജിയില്‍ അടുത്ത വാദം ഡിസംബര്‍ നാല് വരെ നീട്ടിയിരിക്കുകയാണ്.

എന്‍.ഐ.എക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാ​ഗങ്ങളില്‍ നിന്നുയര്‍ന്നത്. രോ​ഗബാധിതനായ ഒരാള്‍ക്ക് അത്യാവശ്യമായി അനുവദിക്കേണ്ട അവകാശങ്ങള്‍ പോലും അന്വേഷണ സംഘം തടഞ്ഞു വെക്കുകയാണെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തി. ഇതേതുടര്‍ന്നാണ് സിപ്പര്‍ കപ്പ് ക്യാമ്ബയിനുമായി ഒരു കൂട്ടം പേര്‍ രം​ഗത്ത് വന്നത്.

കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളിയിരുന്നു. യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍.ഐ.എ അറിയിച്ചു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top