Wednesday, 24 Feb, 7.19 am Media One TV

കേരളം
തലപ്പാടിയില്‍ ഇന്ന് കൂടി നിയന്ത്രണങ്ങളില്‍ ഇളവ്

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഇന്ന് കൂടി നിയന്ത്രണങ്ങളില്‍ ഇളവ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് കൂടി കര്‍ശനമാക്കില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം അറിയിച്ചു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്.

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം അതിര്‍ത്തി കടന്നു വന്നാല്‍ മതിയെന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിന് തലപ്പാടിയില്‍ ഇന്ന് കൂടി ഇളവ് അനുവദിച്ചു. വ്യാഴാഴ്ച മുതല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഇതുവരെയും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ചര്‍ച്ചകളും ജില്ലയിലെ വിവിധ പാര്‍ട്ടികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് കര്‍ണാടക തീരുമാനം മയപ്പെടുത്തിയത്.

അതിര്‍ത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന കര്‍ണാടകയുടെ ഉത്തരവിനെതിരെ തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെ യു.ഡി.എഫിന്‍റെയും ഇടത് യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ദേശീയപാത 66ല്‍ കര്‍ണാടകയുടെ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ പ്രതിഷേധക്കാര്‍ റോഡില്‍ തടഞ്ഞിട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top