Thursday, 29 Oct, 9.01 pm Media One TV

ദേശീയം
വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി കൂട്ടുകൂടുമെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി തമ്മിലുള്ള ഇടക്കാല സഖ്യത്തില്‍ വിള്ളല്‍. സമാജ്‍വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഭാവിയില്‍ ആവശ്യമെങ്കില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. എസ്.പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ഏഴ് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തതായി അറിയിക്കവെയായിരുന്നു മായാവതിയുടെ പ്രസ്താവന.

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു എം.എല്‍.എമാര്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി റാംജി ഗൗതമിനുള്ള പിന്തുണ പിന്‍വലിച്ച്‌ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സഖ്യം രൂപീകരിക്കുന്നതിനായി 1995ല്‍ സമാജ്‍വാദി പാര്‍ട്ടിക്കെതിരെ തന്നെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചത് അബദ്ധമായിപ്പോയെന്നും മായാവതി എ.എന്‍.ഐയോട് പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് സമയത്ത് വര്‍​ഗീയ ശക്തികളെ മാറ്റിനിര്‍ത്തുന്നതിനായാണ് സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ അവരുടെ കുടുംബ കലഹം കാരണം കാര്യമായൊന്നും നേടാനായില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.

അതേസമയം ഇനി എന്തെങ്കിലും ഇതില്‍ പറയാന്‍ അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു മായാവതിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. നവംബര്‍ ഒന്‍പത്, പത്ത് ദിവസങ്ങളില്‍ യു.പിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ സാഹചര്യം കലങ്ങി മറിയാനുള്ള സൂചനയുമായി മായാവതി രം​ഗത്തെത്തുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: MediaOneTV
Top