Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

Metro Journal 2 days ago

നിഷിൻ (ജപ്പാൻ): ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും സ്വർണ മെഡല്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. ട്വന്‍റി20 ഫോർമാറ്റില്‍ നടത്തിയ മത്സരത്തില്‍ ശ്രീലങ്ക 15.4 ഓവറില്‍ വെറും 69 റണ്‍സിന് ഓള്‍ഔട്ടായി. മുൻ മത്സരങ്ങളിലും ഒരു ടീമിനും ഇന്ത്യക്കെതിരേ മൂന്നക്ക സ്കോർ നേടാനായിരുന്നില്ല.

ഇൻഫോം ഓപ്പണർമാർ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥനയും ചേർന്ന് മികച്ച തുടക്കം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യ വിജയം മണത്തിരുന്നു. ആറോവർ പവർ പ്ലേ പിന്നിടുമ്പോള്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 67 റണ്‍സ് എത്തിയ ടീം പത്തോവറില്‍ ഒരു വിക്കറ്റിന് 99 റണ്‍സിലുമെത്തി.

പതിവിന് വിപരീതമായി ഷഫാലിയെക്കാള്‍ ആക്രമണോത്സുകത പുറത്തെടുത്ത സ്മൃതിയാണ് ആദ്യം അർധ സെഞ്ചുറി തികച്ചത്. 30 പന്തില്‍ 50 എത്തുമ്പോള്‍ തന്നെ സ്മൃതി അഞ്ച് സിക്സർ നേടിക്കഴിഞ്ഞിരുന്നു. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന്‍റെ ആദ്യ ഓവറില്‍ നേടിയ മൂന്നു സിക്സറും ഇതില്‍ ഉള്‍പ്പെടുന്നു.

പത്താം ഓവറിലെ അവസാന പന്തില്‍ ഷഫാലിയുടെ രൂപത്തിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അപ്പോള്‍ ടീം സ്കോർ 99 റണ്‍സിലെത്തിയിരുന്നു. 29 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 48 റണ്‍സാണ് യുവതാരം നേടിയത്. തുടർന്ന് ഹർമൻപ്രീത് മൂന്നാം നമ്പറിലേക്ക് സ്വയം പ്രൊമോട്ട് ചെയ്തെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. 17 പന്തില്‍ 19 റണ്‍സാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

സ്മൃതിയുടെ രൂപത്തിലായിരുന്നു മൂന്നാം വിക്കറ്റ്. 45 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്സും സഹിതം 79 റണ്‍സെടുത്താണ് സ്മൃതി പുറത്തായത്. എന്നാല്‍, ഇത് ഇന്ത്യൻ സ്കോറിങ്ങിനെ ബാധിച്ചില്ല. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയത് വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ബാറ്റിങ് ആഘോഷമാക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഭാരതി ഫൂല്‍മാലിയെ (7 പന്തില്‍ 7 നോട്ടൗട്ട്) സാക്ഷി നിർത്തി ആഞ്ഞടിച്ച റിച്ച, 22 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെട്ട തട്ടുപൊളിപ്പൻ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല. 29 റണ്‍സെടുത്ത ക്യാപ്റ്റൻ ചമാരി അത്തപ്പുത്തവാണ് ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ദീപ്തി ശർമ നാലോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഫാലി വർമ, ശ്രേയാങ്ക പാട്ടീല്‍, ശ്രീചരണി എന്നവർക്ക് രണ്ട് വിക്കറ്റ് വീതം.

മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തില്‍ ബംഗ്ലാദേശിനെ 31 റണ്‍സിനു തോല്‍പ്പിച്ച പാക്കിസ്ഥാൻ വെങ്കലം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് എടുത്തത്. ബംഗ്ലാദേശിന്‍റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ ഒതുങ്ങുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online