Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭക്തരുടെ പണം സ്വകാര്യ അക്കൗണ്ടിലേക്ക്; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

ഭക്തരുടെ പണം സ്വകാര്യ അക്കൗണ്ടിലേക്ക്; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

Metro Journal 3 days ago

ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദങ്ങള്‍ക്ക് പിന്നാലെ, മധ്യപ്രദേശിലെ അഗർ മാല്‍വ ജില്ലയിലുള്ള പ്രശസ്തമായ 'മാ ബഗലാമുഖി' ക്ഷേത്രത്തിലും വൻ സാമ്പത്തിക തട്ടിപ്പ് ആരോപണം.

ക്ഷേത്ര ഭരണസമിതി അറിയാതെ അനധികൃതമായി രൂപീകരിച്ച സ്വകാര്യ ട്രസ്റ്റ് ഭക്തരില്‍ നിന്നും കോടിക്കണക്കിന് രൂപയും സ്വർണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുത്തതായാണ് പരാതി.

ഔദ്യോഗിക അനുമതിയില്ലാതെ ക്ഷേത്ര പരിസരത്ത് പ്രവർത്തിച്ചിരുന്ന ഈ വ്യാജ സമിതി, സ്വന്തമായി രസീതുകള്‍ അച്ചടിച്ചാണ് ഭക്തരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചിരുന്നത്. ഈ തുക മുഴുവൻ സർക്കാർ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് പകരം ചില വ്യക്തികളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ഈ സമാന്തര സമിതി ക്ഷേത്രത്തില്‍ സജീവമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അഗർ മാല്‍വ ജില്ലാ കളക്ടർ പ്രീതി യാദവ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സമിതിയെ കളക്ടർ നിയോഗിച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സംഭവത്തില്‍ കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ധർമേന്ദ്ര സിങ് ലോധ് വ്യക്തമാക്കി. വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ദൈവത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ വെറുതെ വിടില്ലെന്നും, ക്ഷേത്രങ്ങളിലെ സംഭാവനകള്‍ സുതാര്യമാക്കാൻ ഇനി മുതല്‍ ഡിജിറ്റല്‍ ക്യു.ആർ കോഡ് സംവിധാനം നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബിജെപി ഭരണത്തില്‍ ക്ഷേത്രങ്ങളിലെ ഖജനാവ് പോലും സുരക്ഷിതമല്ലെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online