Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടി. വീണയ്ക്ക് നിര്‍ണായകം; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക്

ടി. വീണയ്ക്ക് നിര്‍ണായകം; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക്

Metro Journal 3 weeks ago

മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആർഎല്‍) നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.

മുൻ മുഖ്യമന്ത്രി പിണറായി വിയന്റെ മകള്‍ ടി. വീണയ്ക്കും ഈ കേസിന്റെ ഇന്നത്തെ കോടതി നടപടികള്‍ നിർണായകമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നല്‍കിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎല്‍ പുതിയ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്..

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണുണ്ടായത്. ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് അഞ്ചാമതായി ഈ കേസ് പരിഗണിക്കുന്നത്. ഇഡിയുടെ അന്വേഷണം പൂർണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎല്‍ അപ്പീലില്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയും നിർണായക രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത് ഇഡിയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാകും.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ശേഖരിച്ച നിർണായക രേഖകള്‍ ചൂണ്ടിക്കാട്ടി സിഎംആർഎല്‍ വാദങ്ങളെ ഹൈക്കോടതിയില്‍ പ്രതിരോധിക്കാനാണ് ഇഡിയുടെ നീക്കം. ആവശ്യമെങ്കില്‍ ഈ രേഖകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമർപ്പിക്കാനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനും ഇഡി തയ്യാറായേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online