ആരാധകർ കാത്തിരുന്ന മമ്മൂട്ടി - മോഹൻലാല്‍ ചിത്രം പേട്രിയറ്റ് തിയേറ്ററുകളിലെത്തി. 13 വർഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുമിച്ച് ഒരേ സ്‌ക്രീനില്‍ കണ്ടതിൻ്റെ സന്തോഷത്തിലാണ് ആരാധകർ.
താര രാജാക്കന്മാർ ഒന്നിച്ച ചിത്രം മലയാളത്തിലെ റെക്കോർഡ് കളക്ഷൻ നേടുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം കാണാൻ ഏറെ നാളായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്ന് രാവിലെ 9 15 നായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം.
മമ്മൂട്ടി മോഹൻലാല്‍ ആരാധകരെ സിനിമ നിരാശപ്പെടുത്തിയിട്ടില്ല എന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. 2008 ല്‍ ഇറങ്ങിയ ട്വൻ്റി ട്വൻ്റിക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിനു ശേഷം വലിയൊരു ഇടവേള കഴിഞ്ഞ് ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബൻ വീണ്ടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മഹേഷ് നാരായണൻ ഒരുക്കിയ സ്പൈ ത്രില്ലർ ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ തുടങ്ങിയ തിളങ്ങുന്ന താരനിരയുമുണ്ട്.
120 കോടിയിലധികം രൂപ ബജറ്റില്‍ നിർമ്മിച്ച ചിത്രം 130 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം പേട്രിയറ്റിൻ്റെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ അഡ്വാൻസ് ബുക്കിങ്ങില്‍ തന്നെ വിറ്റുപോയിട്ടുണ്ട്. മലയാള സിനിമയില്‍ പുതിയ തരംഗമാകുമോ പേട്രീറ്റ് എന്നും സിനിമാ ലോകം ഉറ്റു നോക്കുന്നുണ്ട്.

