ഭോപ്പാല്‍: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ ജില്ലാ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍.
മധ‍്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ‍്യം റദ്ദാക്കിയതോടെ സിബിഐ വീട്ടിലെത്തി ചോദ‍്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
33കാരിയായ ട്വിഷ ശർമയെ ഇക്കഴിഞ്ഞ മേയ് 12നാണ് ഭോപ്പാലിലെ കത്താറ ഹില്‍സ് പ്രദേശത്തെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമർഥ് സിങ്ങുമായുള്ള വിവാഹം കഴിഞ്ഞ് 5 മാസം പൂർത്തിയാകുമ്പോഴാണ് ട്വിഷ മരണപ്പെട്ടത്
സമർഥ് സിങ്ങിന്‍റെ കുടുംബത്തിനെതിരേ സ്ത്രീധന പീഡനം, മാനസിക- ശാരീരിക പീഡനം എന്നിവ ആരോപിച്ച് ട്വിഷയുടെ കുടുംബം രംഗത്തെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ആദ‍്യം മധ‍്യപ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.
ഗിരിബാല സിങ് മുൻ ജഡ്ജിയും നിലവില്‍ ഭോപ്പാല്‍ ജില്ലാ ഉപഭോക്ത‍്യ കമ്മിഷൻ മേധാവി ആയതിനാല്‍ ഈ കേസ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റി.

