Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദി അരാംകോ റിഫൈനറിയില്‍ തീപിടിത്തം; ആക്രമണം നടത്തിയതായി ഹൂതി വിമതര്‍

സൗദി അരാംകോ റിഫൈനറിയില്‍ തീപിടിത്തം; ആക്രമണം നടത്തിയതായി ഹൂതി വിമതര്‍

Metro Journal 16 mins ago

റിയാദ് / സനാ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനില്‍ പ്രവർത്തിക്കുന്ന സൗദി അരാംകോയുടെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയ്ക്ക് (Aramco Refinery) നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ അവകാശപ്പെട്ടു.

ജിസാനിലെ റിഫൈനറിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമാണ് നടത്തിയതെന്നും ലക്ഷ്യം കൃത്യമായി ഭേദിച്ചെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. യെമന്റെ വ്യോമാതിർത്തി ലംഘിച്ച്‌ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഹൂതികളുടെ വാദം.

അതേസമയം, ഞായറാഴ്ച പുലർച്ചെ ജിസാനിലെ അരാംകോ റിഫൈനറി സമുച്ചയത്തില്‍ തീപിടിത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. കമ്പനിയുടെ വ്യവസായിക സുരക്ഷാ സേനയും ഫയർഫൈറ്റിംഗ് സംഘവും ചേർന്ന് തീ പൂർണ്ണമായും അണച്ചുവെന്നും സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. എന്നാല്‍ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം സൗദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

പശ്ചിമേഷ്യയില്‍ സംഘർഷ സാധ്യതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സൗദിയുടെ ഊർജ്ജ-ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്കും ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിനും നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online