റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തില്‍ നാലുവയസ്സുകാരൻ ഉള്‍പ്പെടെ 11 പേർക്ക് പരിക്കേറ്റു.
ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് വ്യാഴാഴ്ചയായിരുന്നു ആക്രമണം.
പരിക്കേറ്റവരില്‍ ഏഴ് സൗദി പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ സ്വദേശികളും ഒരു യെമൻ, ഒരു പാകിസ്താൻ പൗരനുമാണുള്ളതെന്ന് അറബ് സഖ്യസേന വക്താവ് മേജർ ജനറല്‍ തുർക്കി അല്‍ മാലിക്കി വ്യക്തമാക്കി. സൗദി പൗരന്മാരില്‍ ഒരു സ്ത്രീയും രണ്ടാം ഘട്ട പൊള്ളലേറ്റ നാലുവയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
സാധാരണക്കാർക്ക് നേരെ ഹൂതി മിലിഷ്യകള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സഖ്യസേന കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ആവശ്യമായ ശക്തമായ പ്രതിരോധ നടപടികള്‍ തുടരുമെന്ന് അറബ് സഖ്യസേന അറിയിച്ചു.
അതേസമയം, നജ്‌റാൻ ആക്രമണത്തിന് തൊട്ടുമുമ്പ് യെമനിലെ മാരിബ്, ഹദ്രമൗത് പ്രവിശ്യകളിലുള്ള സർക്കാർ സൈനിക ക്യാമ്പുകള്‍ക്ക് നേരെയും ഹൂതികള്‍ ഡ്രോണ്‍-ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

