കൊച്ചി: ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ തുറന്നുനല്‍കുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ കേരളത്തിലെ സംരംഭകരെയും കയറ്റുമതിക്കാരെയും പ്രാപ്തരാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സംയുക്തമായി ശില്‍പശാല സംഘടിപ്പിച്ചു.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡും, സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പും സംയുക്തമായി കാക്കനാട് രാജഗിരി ബിസിനസ് സ്കൂളില്‍ ഒരുക്കിയ ശില്‍പശാല വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. എം. ബീന ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്തുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഡോ. എം. ബീന വ്യക്തമാക്കി. വ്യവസായ സംരംഭങ്ങള്‍ക്ക് അതിവേഗത്തിലും സുതാര്യമായും അനുമതികള്‍ ലഭ്യമാക്കുന്ന 'സരള്‍ കേരളം' ഉള്‍പ്പെടെയുള്ള വിപ്ലവകരമായ ഒട്ടനവധി പരിഷ്കാരങ്ങളാണ് കേരള സർക്കാർ നടപ്പിലാക്കിവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉജ്ജ്വല്‍ കുമാർ ഘോഷ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. നിലവിലെ അടിത്തറയില്‍നിന്ന് കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സംസ്ഥാനത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നികുതി ഇളവുകള്‍ കൊണ്ട് മാത്രം ആഗോള വിപണിയില്‍ ഇടംപിടിക്കാനാവില്ല. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും നിയമവ്യവസ്ഥകളും മറ്റ് നികുതിയേതര തടസ്സങ്ങളും മറികടക്കാൻ കയറ്റുമതിക്കാർക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം അസിസ്റ്റന്റ് കലക്ടർ ഹൃത്വിക് രഞ്ജൻ, സ്പൈസസ് ബോർഡ് ചെയർപേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥൻ, കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് ഐ.എ.എസ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസ് പ്രിൻസിപ്പലും രാജഗിരി ബിസിനസ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഡോ. സാജു എം.ഡി സി.എം.ഐ എന്നിവർ സ്വതന്ത്ര വ്യാപാര കരാറുകളിലെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) ഹസ്സൻ ഉസൈദ് എൻ.എ ഐ.ടി.എസ് സ്വാഗതവും വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർ രാജീവ് ജി നന്ദിയും പറഞ്ഞു.
'സംസ്ഥാനത്തെ അവസരങ്ങളും സാധ്യതകളും' എന്ന വിഷയത്തില്‍ കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും 'സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ' എന്ന വിഷയത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉജ്ജ്വല്‍ കുമാർ ഘോഷ് ഐ.എ.എസും ക്ലാസുകള്‍ നയിച്ചു. 'എക്സ്പോർട്ട് പ്രൊമോഷൻ മിഷനും ഡിസ്ട്രിക്‌ട്സ് ആസ് എക്സ്പോർട്ട് ഹബ്സ്'' എന്ന വിഷയത്തില്‍ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി.) ഹസ്സൻ ഉസൈദ് എൻ.എ. ഐ.ടി.എസ്. സെഷൻ നയിച്ചു.
സുഗന്ധവ്യഞ്ജനങ്ങള്‍, തേങ്ങയും അനുബന്ധ ഉത്പന്നങ്ങളും, ചായ, കാപ്പി, പഴവർഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി സാധ്യതകളും വിപണി അവസരങ്ങളും സംബന്ധിച്ച സെഷന് ഇ.ഐ.സി., ഇ.ഐ.എ. മുൻ ഡെപ്യൂട്ടി ഡയറക്ടർ നാരായണ പിള്ള നേതൃത്വം നല്‍കി.
പരമ്പരാഗത തൊഴിലാളികള്‍ക്കും ചെറുകിട സംരംഭകർക്കും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരങ്ങള്‍ സംബന്ധിച്ച സെഷൻ ട്രേഡ് ട്രാക്ക് ഡയറക്ടർ എൻ.എൻ. മേനോൻ നയിച്ചു.
കേരളത്തിന്റെ നീണ്ട തീരപ്രദേശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മത്സ്യ-സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ സംബന്ധിച്ച സെഷന് എസ്.ഇ.എ.ഐ. ജനറല്‍ മാനേജർ (ടെക്) സാജു എം.എസ്. നേതൃത്വം നല്‍കി.
ആരോഗ്യ മേഖലയിലും മെഡിക്കല്‍ ഉപകരണ നിർമാണത്തിലും കയറ്റുമതി സാധ്യതകള്‍ക്കും പാലിക്കേണ്ട രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ സെഷൻ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് വൈസ് പ്രസിഡന്റ് സുധീർ കെ. നായർ നയിച്ചു.

