തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി (TVK) സഖ്യം ചേരാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെ, ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നു.
തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ 'പിന്നില്‍ നിന്ന് കുത്തിയവർ' (Backstabbers) എന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേടിയ അഞ്ച് നിയമസഭാ സീറ്റുകള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ കരുണയില്‍ മാത്രം ലഭിച്ചതാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആഞ്ഞടിച്ചു.
ഡിഎംകെയുടെരൂക്ഷവിമർശനം
രാഹുല്‍ ഗാന്ധിയെ ബിജെപിയും ആർഎസ്‌എസും 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആദ്യം ഉയർത്തിക്കാട്ടിയത് സ്റ്റാലിനാണെന്ന് അണ്ണാദുരൈ ഓർമ്മിപ്പിച്ചു. കോണ്‍ഗ്രസ് വഞ്ചകരാണെന്ന് തന്റെ എക്സ് (X) അക്കൗണ്ടിലൂടെ അദ്ദേഹം തുറന്നടിച്ചു. തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകത്തിന്റെ തീരുമാനം സംസ്ഥാനത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പോസ്റ്റിന് പിന്നാലെയാണ് ഡിഎംകെ വക്താവ് രംഗത്തെത്തിയത്.
ടിവികെക്ക്കോണ്‍ഗ്രസിൻ്റെപിന്തുണ
തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെക്ക് ഉപാധികളോടെ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയില്‍ അംഗത്വം, ബോർഡ് ചെയർമാൻ സ്ഥാനങ്ങള്‍ എന്നിവ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് നാളെ നല്‍കുമെന്നും കോണ്‍ഗ്രസ് എംഎല്‍എമാർ പനയൂരിലെത്തി വിജയിനെ കാണുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരമാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സഖ്യനീക്കങ്ങളുംരാഷ്ട്രീയമാറ്റങ്ങളും
ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ മാത്രം അകലെയുള്ള വിജയ്, ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎല്‍ എന്നീ പാർട്ടികളെയും തന്റെ പക്ഷത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കണമെന്നും വിജയ് അത് നല്‍കാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖർ നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
സീറ്റ് വിഭജന വേളയില്‍ അധികാരം പങ്കിടുന്ന കാര്യത്തില്‍ ഡിഎംകെ വിസമ്മതിച്ചതാണ് കോണ്‍ഗ്രസിനെ പുതിയ സഖ്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ വർഷങ്ങള്‍ നീണ്ട ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് അന്ത്യമായിരിക്കുകയാണ്.

