ഫുട്ബോള്‍ ലോകം വീണ്ടുമൊരു ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍, കാല്‍പന്തിന്റെ സുല്‍ത്താന്മാർ ചരിത്രത്തില്‍ രേഖപ്പെടുത്തിയ സുവർണ്ണ നിമിഷങ്ങള്‍ വീണ്ടും ചർച്ചയാകുന്നു.
1930-ല്‍ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയ ഉറുഗ്വേയുടെ കരുത്ത് മുതല്‍, ഖത്തറിന്റെ മണ്ണില്‍ ലയണല്‍ മെസ്സി അർജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതുവരെയുള്ള യാത്ര ഫുട്ബോള്‍ പ്രേമികള്‍ക്ക് എന്നും ആവേശം നല്‍കുന്നതാണ്.
ഫുട്ബോള്‍ ചരിത്രത്തിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന പെലെയുടെ വിസ്മയ പ്രകടനങ്ങളും ലോകകപ്പിന്റെ മാറ്റ് കൂട്ടി. 1958-ല്‍ തന്റെ പതിനേഴാം വയസ്സില്‍ ഫ്രാൻസിനെതിരെ പെലെ നേടിയ ഹാട്രിക് അടക്കമുള്ള പ്രകടനങ്ങള്‍ ബ്രസീലിനെ ആദ്യമായി ലോകകിരീടത്തിലേക്ക് നയിച്ചു. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ ഒരേയൊരു താരം എന്ന ഖ്യാതിയും പെലെയ്ക്ക് മാത്രം സ്വന്തമാണ്.
തുടർന്ന് വന്ന കാലഘട്ടങ്ങളില്‍ ഡീഗോ മറഡോണയുടെ മാന്ത്രികതയും, ഒടുവില്‍ 2022-ല്‍ ഫുട്ബോള്‍ ലോകത്തെ മുഴുവൻ കണ്ണീരണിയിച്ചും ആഹ്ലാദിപ്പിച്ചും ലയണല്‍ മെസ്സി കനകക്കിരീടം ഉയർത്തിയതും ചരിത്രത്തിന്റെ ഭാഗമായി. ഓരോ നാല് വർഷം കൂടുമ്പോഴും കടന്നുപോകുന്ന ലോകകപ്പുകള്‍ കേവലം ഒരു ടൂർണമെന്റ് മാത്രമല്ല, മറിച്ച് തലമുറകള്‍ കൈമാറുന്ന വികാരമാണെന്ന് ഈ ഇതിഹാസങ്ങളുടെ യാത്രകള്‍ തെളിയിക്കുന്നു. ഓരോ ലോകകപ്പും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുദ്രകളാണ് പതിപ്പിക്കുന്നത്.
ലോകകപ്പ് ചരിത്രത്തിലെ കൗതുകകരമായ വസ്തുതകളും നേട്ടങ്ങളും
1. ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വേ
ലോകകപ്പിന്റെ തുടക്കം 1930-ല്‍ ഉറുഗ്വേയിലായിരുന്നു. ആതിഥേയരായ ഉറുഗ്വേ തന്നെയാണ് സ്വന്തം മണ്ണില്‍ നടന്ന ആ ആദ്യ ടൂർണമെന്റില്‍ കിരീടം ചൂടിയത്. ഫൈനലില്‍ അർജന്റീനയെ 4-2 എന്ന സ്കോറിനാണ് അവർ പരാജയപ്പെടുത്തിയത്.
2. അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീല്‍
ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ നേടിയ റെക്കോർഡ് ബ്രസീലിന്റെ കൈകളിലാണ് - ആകെ 5 തവണ. 1950-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഏറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം (മാരക്കാനാസോ ദുരന്തം), 1958, 1962, 1970 വർഷങ്ങളിലും പിന്നീട് 1994, 2002 വർഷങ്ങളിലും സെലസാവോകള്‍ (Seleção) ലോകകിരീടം ചൂടി. വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പില്‍ തങ്ങളുടെ ആറാമത്തെ കിരീടം ലക്ഷ്യമിട്ടാണ് ബ്രസീല്‍ ഇറങ്ങുന്നത്. മറ്റൊരു പ്രത്യേകത, ബ്രസീല്‍ ഇതുവരെ ഒരു ലോകകപ്പ് പോലും മുടക്കിയിട്ടില്ല - ഇതുവരെയുള്ള എല്ലാ പതിപ്പുകളിലും (22 തവണ) അവർ പങ്കെടുത്തിട്ടുണ്ട്.
3. മൂന്ന് തവണ ലോകകപ്പ് നേടിയ പെലെ
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. ഒരു കളിക്കാരനെന്ന നിലയില്‍ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടുള്ള ഏക താരം അദ്ദേഹമാണ്. ഇതില്‍ ആദ്യത്തെ കിരീടം നേടുമ്പോള്‍ പെലെയ്ക്ക് 18 വയസ്സ് പോലും തികഞ്ഞിരുന്നില്ല.
4. ഏറ്റവും കൂടുതല്‍ "അക്രമണോത്സുകമായ" ലോകകപ്പ് (ജർമ്മനി, 2006)
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ചരിത്രത്തിലെ ഏറ്റവും കടുത്ത കളികള്‍ നടന്നത് 2006-ലെ ജർമ്മനി ലോകകപ്പിലാണ്. മഞ്ഞ, ചുവപ്പ് കാർഡുകളുടെ എണ്ണത്തില്‍ ഇത് റെക്കോർഡാണ്. ആകെ നടന്ന 64 മത്സരങ്ങളില്‍ നിന്നായി 345 മഞ്ഞ കാർഡുകളും 28 ചുവപ്പ് കാർഡുകളുമാണ് റഫറിമാർക്ക് പുറത്തെടുക്കേണ്ടി വന്നത്.
5. ഖത്തറിലെ ഗോള്‍മഴ
അർജന്റീന ചാമ്പ്യന്മാരായ കഴിഞ്ഞ ഖത്തർ ലോകകപ്പാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ടൂർണമെന്റ് - ആകെ 172 ഗോളുകളാണ് ഖത്തറില്‍ വലയിലെത്തിയത്.
6. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരൻ: മിറോസ്ലാവ് ക്ലോസെ
ജർമ്മൻ ഇതിഹാസമായ മിറോസ്ലാവ് ക്ലോസെ ലോകകപ്പുകളിലെ ഒരു യഥാർത്ഥ ഗോള്‍ മെഷീൻ തന്നെയായിരുന്നു. 2002-നും 2014-നും ഇടയിലായി അദ്ദേഹം 16 ഗോളുകള്‍ അടിച്ചുകൂട്ടി. എന്നാല്‍ മറ്റ് ചില റെക്കോർഡുകളും ശ്രദ്ധേയമാണ്; 1958-ല്‍ ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്ൻ ഒറ്റ ലോകകപ്പില്‍ മാത്രം 13 ഗോളുകള്‍ നേടി വിസ്മയിപ്പിച്ചു. 1994-ല്‍ റഷ്യയുടെ ഒലെഗ് സാലെങ്കോ കാമറൂണിനെതിരെയുള്ള ഒരൊറ്റ മത്സരത്തില്‍ മാത്രം 5 ഗോളുകള്‍ നേടി റെക്കോർഡിട്ടു.
7. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ലയണല്‍ മെസ്സി
2022 ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അർജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസ്സിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച റെക്കോർഡ് - 26 മത്സരങ്ങള്‍. ജർമ്മനിയുടെ ലോഥർ മത്തേവൂസിനെക്കാള്‍ (25) ഒരു മത്സരം കൂടുതല്‍. വരാനിരിക്കുന്ന ലോകകപ്പിലും മെസ്സി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അങ്ങനെയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പായി മാറും. അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തന്റെ ആറാം ലോകകപ്പ് നേട്ടത്തിനരികെയാണ്.
8. പതിനൊന്നാം സെക്കൻഡിലെ ഹാക്കൻ സുകുറിന്റെ ഗോള്‍ (2002)
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന റെക്കോർഡ് ടർക്കിഷ് താരം ഹാക്കൻ സുകുറിന്റെ പേരിലാണ്. 2002 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍, ആതിഥേയരായ ദക്ഷിണ കൊറിയക്കെതിരെ കളി തുടങ്ങി വെറും 11-ാം സെക്കൻഡിലാണ് അദ്ദേഹം ഗോള്‍ നേടിയത്. അന്ന് ആവേശകരമായ മത്സരത്തില്‍ 3-2 ന് വിജയിച്ച് തുർക്കി വെങ്കലം നേടിയിരുന്നു.
9. ഓസ്ട്രിയ - സ്വിറ്റ്സർലൻഡ്മത്സരം: 12ഗോളുകള്‍ (1954)
1954-ല്‍ സ്വിറ്റ്സർലൻഡില്‍ നടന്ന ചാമ്പ്യൻഷിപ്പിലാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം നടന്നത്. ആതിഥേയരായ സ്വിറ്റ്സർലൻഡും ഓസ്ട്രിയയും തമ്മിലുള്ള മത്സരം 7-5 എന്ന സ്കോറിനാണ് ഓസ്ട്രിയ ജയിച്ചത്. കളിയുടെ 16 മുതല്‍ 19 വരെയുള്ള മിനിറ്റുകള്‍ക്കുള്ളില്‍ സ്വിറ്റ്സർലൻഡ് 3-0 ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് ഓസ്ട്രിയ ശക്തമായി തിരിച്ചടിക്കുകയും 25 മുതല്‍ 34 വരെയുള്ള മിനിറ്റുകള്‍ക്കിടയില്‍ തുടർച്ചയായി 5 ഗോളുകള്‍ നേടുകയും ചെയ്തു.
അത്യുഷ്ണമാണ് ഈ കളിയിലെ ഗോള്‍മഴയ്ക്ക് കാരണമായി പറയുന്നത്. കടുത്ത ചൂട് കാരണം സ്വിസ് കളിക്കാർ തളർന്നുപോയെന്ന് ചിലർ പറയുമ്പോള്‍, കളി തുടങ്ങിയ ഉടനെ ഓസ്ട്രിയൻ ഗോള്‍കീപ്പർ കുർട്ട് ഷമിഡിന് കടുത്ത ചൂട് കാരണം ശാരീരിക അസ്വസ്ഥതകള്‍ (Hyperthermia) ഉണ്ടായതാണ് സ്വിറ്റ്സർലൻഡിന് തുടക്കത്തില്‍ 3 ഗോളുകള്‍ നേടാൻ സഹായകരമായത് എന്നാണ് മറ്റ് ചില റിപ്പോർട്ടുകള്‍.
10. എല്‍ സാല്‍വഡോറിനെ തകർത്ത ഹംഗേറിയൻ പട (1982)
1982-ല്‍ സ്പെയിനില്‍ നടന്ന ലോകകപ്പില്‍ ഹംഗറി ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് (10-1) എല്‍ സാല്‍വഡോറിനെ തകർത്തുവിട്ടു. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം പത്ത് ഗോളുകള്‍ നേടുന്നത് ഇതാദ്യമായാണ്, കൂടാതെ ഏറ്റവും വലിയ ഗോള്‍ മാർജിനിലുള്ള വിജയവും ഇതാണ്. ഹംഗറിയുടെ ലാസ്ലോ കിസ്സ് ഒരു ഹാട്രിക് നേടി, ടിബോർ നിലാസി, ലാസ്ലോ ഫാസെകാസ് എന്നിവർ രണ്ട് ഗോളുകള്‍ വീതവും നേടി.
ഈ മത്സരത്തില്‍ ഹംഗറി അടിച്ച പത്ത് ഗോളുകളില്‍ ഏഴും രണ്ടാം പകുതിയിലാണ് പിറന്നത്. പകരക്കാരനായി ഇറങ്ങിയ കിസ്സ് വെറും ഏഴ് മിനിറ്റിനുള്ളിലാണ് തന്റെ റെക്കോർഡ് ഹാട്രിക് തികച്ചത്. കളിക്ക് ശേഷം എല്‍ സാല്‍വഡോറിന്റെ ഗോള്‍ സ്കോറർ ലൂയിസ് റാമിറെസ് വെളിപ്പെടുത്തിയത്, താൻ ഗോള്‍ നേടിയപ്പോള്‍ ഹംഗറിയെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കാതിരിക്കാൻ ആഘോഷിക്കരുതെന്ന് സഹതാരങ്ങള്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ്.

