ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റില്‍.
മുസാഫര്‍നഗര്‍ ജില്ലയിലെ സൗരംഗ് ഗ്രാമത്തില്‍ താമസിക്കുന്ന സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ മോഹിത്, രാജസ്ഥാനിലെ അല്‍വാറില്‍ താമസിക്കുന്ന സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ലാലാറാം യാദവ്, സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് തോമര്‍, പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ് എന്നിവരെയാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ ഫത്തേഹാബാദില്‍ താമസിക്കുന്ന 24 വയസ്സുള്ള യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ഉമേഷ് കുമാറിന്‌റെ അമ്രോഹ ജില്ലയിലെ ഫാം ഹൗസില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ യുവതിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ ഫാം ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഉമേഷ് കുമാര്‍ എംഎല്‍എ പറയുന്നത്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സെപ്റ്റംബര്‍ 21 ന് ഹരിയാനയിലെ സോണിപത്തില്‍ വെച്ച് മോഹിത്തിനെ കണ്ടു. അവിടെ നിന്ന് ആരാധനാലയങ്ങള്‍ സന്ദർശിക്കാമെന്ന് പറഞ്ഞ് അവര്‍ മീററ്റിലേക്ക് പോയി. അവിടെ മോഹിത്തിനൊപ്പം അയാളുടെ സഹപ്രവര്‍ത്തകനും രാജസ്ഥാനിലെ അല്‍വാറില്‍ താമസിക്കുന്ന സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ലാലാറാം യാദവും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 22-ന് വൈകുന്നേരം, രണ്ടുപേരും സ്ത്രീയെ ഒരു കാറില്‍ ഹസന്‍പൂരിലേക്ക് കൊണ്ടുപോയി. സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് തോമറിനെ വഴിയില്‍ വെച്ച് കാറില്‍ കയറ്റി. തുടര്‍ന്ന് മൂവരും യുവതിയെ അത്രാസി-ഹസന്‍പൂര്‍ റോഡിലുള്ള ഒരു ഫാം ഹൗസിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് മുറികള്‍ വാടകയ്ക്കെടുത്തു. പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ് ആണ് സംഘത്തിന് ഭക്ഷണവും മദ്യവും നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. വൈകുന്നേരം മോഹിത്, യാദവ്, തോമര്‍ എന്നിവര്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് പ്രമോദ് ഉപദ്രവിക്കാന്‍ ശ്രമിക്കവെ അയാളെ തള്ളിമാറ്റിയ യുവതി വാതില്‍ പൂട്ടി, പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു.
ഹസന്‍പൂര്‍, രാജബ്പൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങള്‍ സ്ഥലത്തെത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോവുകയും നാല് പ്രതികളെയും പിടികൂടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍, നാല് പ്രതികള്‍ക്കെതിരെയും ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലുപേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും എസ്പി പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ അധിഷ്ഠിതമായ ഭരണം നടക്കുമ്പോള്‍ പൊലീസ് സേനയും അഴിമതി നിറഞ്ഞതായിത്തീരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

