Dailyhunt
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിലൊരാള്‍ ജീവനൊടുക്കി: വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതിനാലെന്ന് വിവരം

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിലൊരാള്‍ ജീവനൊടുക്കി: വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതിനാലെന്ന് വിവരം

Metro Journal 1 week ago

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയില്‍ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.

2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താന്‍ ഒന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായാണന്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്.

രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാംനാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ഛത്തീസ്ഗഡ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online