Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് തുരങ്കപാത: ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചതായി റിപ്പോര്‍ട്ട്

വയനാട് തുരങ്കപാത: ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ അപകട മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചതായി റിപ്പോര്‍ട്ട്

Metro Journal 3 months ago

വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യ (GSI) നല്‍കിയ അതീവ ഗുരുതരമായ സുരക്ഷാ-അപകട മുന്നറിയിപ്പുകള്‍ നിർമ്മാണ കമ്പനിയായ 'ദിലീപ് ബില്‍ഡ്കോണ്‍' അവഗണിച്ചതായി റിപ്പോർട്ടുകള്‍.

പരിസ്ഥിതിലോല പ്രദേശമായ കള്ളാടിയില്‍ ടണല്‍ നിർമ്മാണത്തിനിടെയുണ്ടായ മണ്ണടിച്ചിലിനും അപകടത്തിനും പിന്നില്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ചയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

തുരങ്കം നിർമ്മിക്കുമ്പോള്‍ പുറന്തള്ളുന്ന വലിയ തോതിലുള്ള മണ്ണും അവശിഷ്ടങ്ങളും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കുന്നുകൂട്ടിയിട്ടത് കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് ജിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ, കാലവർഷം കനക്കുന്നതിന് മുൻപ് തന്നെ ഈ മണ്‍കൂനകള്‍ അടിയന്തരമായി ഇവിടെ നിന്നും മാറ്റണമെന്നും നിർമ്മാണ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെക്കണമെന്നും ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ ഔദ്യോഗിക മുന്നറിയിപ്പുകളെയോ സുരക്ഷാ മാനദണ്ഡങ്ങളെയോ ഗൗരവത്തിലെടുക്കാൻ നിർമ്മാണ കമ്പനി തയ്യാറായില്ലെന്നാണ് ആക്ഷേപം. ആവശ്യമായ മുൻകരുതലുകള്‍ എടുക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോയതാണ് ഒടുവില്‍ കള്ളാടി മീനാക്ഷി പാലത്തിന് സമീപം വലിയ ദുരന്തത്തിന് വഴിവെച്ചത്. കനത്ത മഴയില്‍ ഈ മണ്‍കൂനകള്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്.

സംഭവം പൂർണ്ണമായും മനുഷ്യനിർമ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകളും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് നിർമ്മാണ കമ്പനിയുടെ വാദം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online