കൊച്ചി: ഡല്‍ഹി ജന്തർമന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവതികളെയും യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശം നടത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി പ്രൊഫഷണല്‍ സെല്‍ മുൻ കണ്‍വീനറും സംഘപരിവാർ സഹയാത്രികനുമായ ടി.ജി.
മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് മട്ടാഞ്ചേരിയിലെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നീറ്റ് വിഷയത്തില്‍ ജന്തർമന്തറില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. താനായിരുന്നുവെങ്കില്‍ സമരക്കാരെ വെടിവെച്ചേനേ എന്നും, സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ വാക്കുകള്‍ ഉപയോഗിച്ചു എന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാർത്ഥി സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് തിരുവനന്തപുരം സൈബർ ക്രെെം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർനടപടികള്‍ക്കായി അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.

