താരസംഘടന അമ്മയിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് അൻസിബയുടെ പരാതി അടക്കമുള്ളവ പൊതുസമൂഹത്തിലും ചർച്ചയായത്.
കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ താരസംഘടന കടന്നുപോകുന്നത്. 'അമ്മ'യുടെ വാര്‍ഷിക ബോഡിയിലെ തര്‍ക്കത്തിന് പിന്നാലെ 'അമ്മ'യുടെ ഭരണസമിതി രാജിവെച്ചത് വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അതോടെ മോഹൻലാല്‍ ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും, അമ്മയുടെ തലപ്പത്തേയ്ക്ക് വരണമെന്നും പലരും അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ അമ്മയുടെ തലപ്പത്തേക്ക് ഇനി താനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാല്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അമ്മയില്‍ ഇടപെടില്ലെന്നും, സംഘടനയിലെ പ്രശ്നം ഭാരവാഹികള്‍ പരിഹരിക്കട്ടെയെന്നും, ഇനിയങ്ങോട്ട് പോകരുതെന്നാണ് ഏറെയും പേർ ഉപദേശിച്ചിട്ടുള്ളതെന്നും നടൻ പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകള്‍ ഇങ്ങനെ:-
ഞാൻ ഇപ്പോള്‍ എന്റെ അമ്മയെ കുറിച്ച് മാത്രമെ ആലോചിക്കാറുള്ളു. ഒരു ചെറിയ അസോസിയേഷനാണ്. ഇത്രയും വലിയൊരു സീരിയസ് കാര്യമായി ആക്കുന്നത് എങ്ങനെയാണ്. മീഡിയ വഴിയാണ്. അല്ലെങ്കില്‍ എന്താ കാര്യങ്ങള്‍ നടന്ന് പോകുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. അതൊന്നും ഒരു മീഡിയയും പറയുന്നില്ല. എല്ലായിടത്തും ഉള്ളതുപോലെ ഈഗോയെന്ന വാക്കൊന്നും ഞാൻ ഉപയോഗിക്കുന്നില്ല. ചിലപ്പോള്‍ അങ്ങനെയായിരിക്കാം. ഗവേണ്‍നെസ് എന്നത് ഒരു പ്രോസസാണ്. സമയം എടുക്കും.
അതില്‍ വന്ന ചില തെറ്റുകള്‍ ആയിരിക്കാം. അതെല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും നിന്ന് ശരിയാക്കാൻ ഉള്ളതേയുള്ളു. അത് അതിന്റെ സമയമാകുമ്പോള്‍ ശരിയാകും. പിന്നെ ഞാൻ അതില്‍ ഇടപെട്ടിട്ടൊന്നും കാര്യമില്ല. ഞാൻ പോകരുതായിരുന്നുവെന്ന് എല്ലാവരും പറയുന്നതിന് കാരണം ഞാൻ അവിടെയുണ്ടെങ്കില്‍ നിങ്ങള്‍ക്കെല്ലാം കുറച്ച് കൂടി സൗകര്യമാണല്ലോ. കുറച്ച് കൂടി ഫോക്കസ് ചെയ്യാം.
ദയവ് ചെയ്ത് അങ്ങോട്ട് പോകരുതെന്ന് എത്രയോ പേർ എന്നോട് പറഞ്ഞിരിക്കുന്നു. കാരണം നമ്മളെ ഇഷ്ടപ്പെടുന്നയാളുകള്‍ക്ക് നമ്മള്‍ അബ്യൂസ് ചെയ്യപ്പെടുന്നത് ഇഷ്ടമാവില്ല. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് ഭയങ്കര സന്തോഷമാകും. ഞാനിപ്പോള്‍ എന്റെ തീരുമാനങ്ങളില്‍ ജീവിക്കാൻ ശ്രമിക്കുകയാണിപ്പോള്‍. പണ്ട് മറ്റുള്ളവർക്ക് വേണ്ടി അവരുടെ തീരുമാനങ്ങളില്‍ ഭയങ്കരമായി സഹായിച്ചിരുന്നു. പിന്നെ നമുക്ക് നമ്മുടേതായ കുറച്ച് സമയം അല്ലേയുള്ളു. അത് എഞ്ചോയ് ചെയ്ത് ജീവിക്കാൻ തീരുമാനിച്ചു എന്നാണ് മോഹൻലാല്‍ പറഞ്ഞത്.
അതേസമയം 'അമ്മ' പ്രസിഡന്റായ നടി ശ്വേതാ മേനോൻ സംഘടനാ ജനറല്‍ ബോഡിയില്‍ ഉണ്ടായ രൂക്ഷമായ തർക്കങ്ങളെ തുടർന്നു താൻ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിച്ചതിനെ തുടർന്നാണു ജനറല്‍ ബോഡി, ഭരണ നിർവഹണത്തിനായി രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചത്.
എന്നാല്‍, താൻ ഔദ്യോഗികമായി രാജിവച്ചിട്ടില്ലെന്നും പ്രസിഡന്റായി തുടരുകയാണെന്നും അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചതു നിയമവിരുദ്ധമാണെന്നും കുറ്റപ്പെടുത്തി ശ്വേത പിന്നീടു കോടതിയെ സമീപിച്ചിരുന്നു. വിവാദങ്ങളും തർക്കങ്ങളും ഉയർന്നതോടെ അഡ്ഹോക് കമ്മിറ്റിയില്‍ നിന്നു മാറുകയാണെന്നു രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതി നടപടികളുടെ ഭാഗമായാണ് ഔദ്യോഗികമായി കോടതിയെ അറിയിച്ചത്.
