അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ റിസപ്ഷന് നിരവധി പ്രമുഖരാണ് അതിഥികളായി എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉള്‍പ്പെടെയുള്ളവർ ചടങ്ങിനെത്തിയിരുന്നു.
എന്നാല്‍, അനിരുദ്ധുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രമുഖരുടെ അസാന്നിധ്യമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തിന് ആരൊക്കെ പങ്കെടുത്തു എന്നതിനേക്കാള്‍ ആരൊക്കെ വന്നില്ല എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ധനുഷ് ചടങ്ങിന് എത്താത്തത് മോശമായിപ്പോയെന്ന് അന്തനൻ പറയുന്നു. ധനുഷും സണ്‍ ടിവി മേധാവികളും തമ്മില്‍ വലിയ സൗഹൃദം ഉണ്ടാകാനിടയില്ലെങ്കിലും, അനിരുദ്ധും ധനുഷും തമ്മില്‍ നല്ല സൗഹൃദമുണ്ട്. അനിരുദ്ധിന്റെ കഴിവ് തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയതില്‍ ധനുഷിന് വലിയ പങ്കുണ്ട്. എന്നിട്ടും ധനുഷിന് വിവാഹത്തിന് ക്ഷണം ലഭിച്ചില്ല.
തന്നെ ക്ഷണിക്കാത്തതിന്റെ കാരണം ധനുഷിന് പോലും അറിയില്ല. എന്തുകൊണ്ടാണ് ക്ഷണം വരാത്തതെന്ന് ചിന്തിച്ച് ധനുഷ് അമ്പരന്നിരിക്കുകയാണെന്നും, അദ്ദേഹത്തിന് ഒന്നും മനസ്സിലാകുന്നില്ലെന്നും അന്തനൻ വ്യക്തമാക്കുന്നു. അനിരുദ്ധിന്റെ പിആർഒ ആണ് എല്ലാവർക്കും ക്ഷണക്കത്ത് അയച്ചത്; എന്നാല്‍ സിമ്പു, അജിത്ത്, വിജയ് എന്നിവരെല്ലാം എത്തിയത് അനിരുദ്ധ് നേരിട്ട് വിളിച്ചതുകൊണ്ടാണ്. പണ്ട് സൂര്യ - ജ്യോതിക വിവാഹത്തിന് വിക്രമിനും സിമ്പുവിനും ക്ഷണം ഉണ്ടായിരുന്നില്ലെന്നും, അവരൊഴികെ മറ്റെല്ലാവരും ചടങ്ങില്‍ പങ്കെടുത്തുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിജയിക്കൊപ്പം തൃഷയും റിസപ്ഷന് എത്തുമെന്ന് പലരും കരുതിയെങ്കിലും തൃഷ വന്നില്ല. സംഗീതയ്ക്ക് സണ്‍ ടിവി കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അനിരുദ്ധും തൃഷയും തമ്മില്‍ സൗഹൃദമുള്ളതിനാല്‍ തൃഷ ചടങ്ങിന് എത്താത്തതും ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അന്തനൻ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ വർഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു വലിയ വിവാഹം ജയലളിതയുടെ വളർത്തുമകൻ സുധാകരന്റേതായിരുന്നു. ആ വിവാഹത്തോട് അനുബന്ധിച്ച് ചെന്നൈ നഗരത്തിലാകെ അലങ്കാര തോരണങ്ങള്‍ ഉയർത്തിയിരുന്നു. അന്ന് ആ ആഡംബര വിവാഹത്തിനെതിരെ സണ്‍ ടിവിയില്‍ വാർത്ത വന്നിരുന്നു-ജനം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെടുന്ന കാലത്ത് ഇത്രയും വലിയ വിവാഹം നടത്തുന്നത് ന്യായമാണോ എന്നായിരുന്നു ആ വാർത്തയിലെ ചോദ്യം. സണ്‍ ന്യൂസില്‍ വന്ന ഈ റിപ്പോർട്ട് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇന്ന് അതേ കുടുംബം അത്തരമൊരു വലിയ വിവാഹം നടത്തുമ്പോള്‍, വിവാഹം ഗ്രീസില്‍ വെച്ച് നടന്നത് നന്നായെന്നും അന്തനൻ കൂട്ടിച്ചേർത്തു.

